Sunday, January 13, 2008

മൂന്ന് സഹോദരിമാര്‍... കാമെറയിലൂടെ


വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍‌ഷണം മൂലം ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഓസ്ട്രെലിയ. സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിക്കുന്ന ബ്ലോഗിലെ സുഹൃത്തുക്കള്‍ ഒരിക്കലെങ്കിലും ഇവിടെയൊന്നു വരാതെ പോവരുതെന്ന ആഗ്രഹക്കാരനാണ് ഞാന്‍. യൂറോപ്പിനേക്കാളും തൊട്ടടുത്ത രാജ്യമായ ന്യൂസിലാന്‍ഡിനേക്കാളും ചെലവ് കുറവാണ് ഇവിടുത്തെ ഭക്ഷണത്തിനും താമസത്തിനും. പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം.

ഓകെ അപ്പൊ പറഞ്ഞ് വന്നത് ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് അട്രാക്ഷന്‍സ്. ഈ ക്രിസ്മസ്സ് വെക്കേഷനിലെ ഒരു ദിവസം രാവിലെയാണ് ബോധോദയം ഉണ്ടായത് ബ്ലൂ മൌണ്ടന്‍സിനു വിട്ടേക്കാം എന്ന്. അത്യാവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും ചെറിയ ഗ്യാസ് സ്റ്റൌവും, പെറുക്കി കാറിന്റെ ബൂട്ടിലിട്ട് രാത്രിയാവുമ്പോഴേക്ക് തിരിച്ച് വീട്ടില്‍ വരാന്‍ തക്കവണ്ണം പ്ലാന്‍ ചെയ്ത് കൂട്ടത്തില്‍ സമാന ചിന്താഗതിക്കാരായ ഒരു സുഹൃത്തിനേയും കുടുംബത്തേയും കൂട്ടി പെട്ടെന്ന് തിരിച്ചു. സിഡ്നിയില്‍ നിന്നും വെറും നൂറ് കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ ഈ നീലമലകളിലേക്ക് . (അവിടെ നിന്നും വീണ്ടും ഒരു 70 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ അതിമനോഹരമായ ജെനോലന്‍ ഗുഹകളില്‍ എത്താം.)


ദൂരെ നിന്നു കാണുമ്പോഴേ മനസ്സിലാവും ശരിക്കും നീലനിറമുള്ള മലകള്‍ തന്നെ, അതിന്റെ കാരണമായി പറയുന്നത് ഈ പര്‍വ്വതങ്ങളില്‍ നിരനിരയായി നില്‍ക്കുന്ന അസംഖ്യം വരുന്ന യൂക്കാലി മരങ്ങളില്‍ നിന്നുള്ള ഹേയ്ശ് മൂലം അന്തരീക്ഷത്തിനും ആ നീല നിറം പകര്‍ന്നുവെന്നാണ്.
ദൂരെ നിന്നും കാണുന്ന ബ്ലൂ മൌണ്ടന്‍സിന്റെ ഒരു ദൃശ്യമാണ് ഇവിടെ.
ഇതിന്റെ പ്രത്യേകത പേരില്‍ കാണുന്നത് പോലെയുള്ള പര്‍വത് നിരകള്‍ എന്നതിനേക്കാള്‍ സമനിരപ്പുകളും പ്രത്യേകതരം നിരയായി കാണപ്പെടുന്ന പാറകളും പിന്നെ അഗാധ ഗര്‍ത്തങ്ങളും ആണ്, ചില ഭാഗങ്ങളില്‍ നിന്നും താഴേക്ക് നോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോവുന്ന താഴ്ചയാണ് ദൃശ്യമാവൂക. ഫോട്ടോഗ്രാഫിയില്‍ അത്തരം കാഴ്ച വേണ്ടരീതിയില്‍ ഫലിപ്പിക്കാന്‍ കഴിയില്ല എന്നതിനാല്‍ നേരിട്ടു തന്നെ കാണണം അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍!
അത്തരം ഒരു ടിപ്പില്‍ നിന്ന് താഴേക്ക് നോക്കി അന്തം വിട്ടുകൊണ്ടിരിക്കുന്ന ടൂറിസ്റ്റുകളാണീ ചിത്രത്തില്‍.


ഇവിടെ ഏറ്റവും പ്രത്യേകതയുള്ളതും എറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതും
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉയരം വരുന്ന മൂന്നു പാറക്കെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ടൈറ്റിലില്‍ കാണുമ്പോലെ ഇവയെ ത്രീ സിസ്റ്റേഴ്സ് എന്നാണ് വിളിക്കുക മൂന്നിന്റെയും പേര് മലയാളത്തില്‍ ഇത്തിരി പരിഷ്കരിച്ച് പറഞ്ഞാല്‍ മൂത്തവള്‍ മീനി -922 മീറ്റര്‍ ഉയരം, രണ്ടാമത്തെവള്‍ വിമല -918മീറ്റര്‍, ഇളയ അനുജത്തി ഗുനെഡൂ - 906 മീറ്റെര്‍(അവള്‍ തെലുങ്കത്തിയാണെന്ന് തോന്നുന്നു പേരുകേട്ടിട്ട്) ആണ് അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ഇവിടെ.ഫോട്ടോയില്‍ കാണുന്നത് പോലെ അവര്‍ അത്ര യൌവനയുകതകളാണെന്ന് വിശ്വസിക്കണ്ട, അത് കമ്പ്ലീറ്റ് മേക്കപ്പാണ്. 250 മില്യന്‍ ഇയേഴ്സ് ആണ് ഈ അമ്മൂമ്മമാരുടെ പ്രായം.


ഇതുകൂടാതെ അവിടെയുള്ള മറ്റൊരു ആകര്‍ഷണമാണ്, ഒരു കുഞ്ഞു ട്രെയിന്‍, ട്രെയിന്‍ എന്നു പോലും പറയാന്‍ പറ്റില്ല പാളത്തില്‍ കൂടെ ഓടുന്ന ഒരു സാധനം, പക്ഷേ ഇതിനും ഉണ്ടൊരു പ്രത്യേകത ലോകത്തിലേ ഏറ്റവും സ്റ്റീപെസ്റ്റ് ഇന്‍ക്ലൈന്‍ റെയില്‍ ട്രാക്കിലൂടെയാണിദ്ദേഹം ഓടുന്നത്, ടണലിലൂടെആയതിനാല്‍ പരസ്പരം കാണാന്‍ കഴിയില്ലെങ്കിലും ഏതോ അഗാധഗര്‍ത്തത്തിലെക്ക് നാം യാത്ര ചെയ്യുന്ന ട്രെയിന്‍ മറിയുന്ന ഒരു അനുഭവമാണ് ഇതിലെ യാത്ര. ട്രെയിന്‍ യാത്രയില്‍ കൂട്ട നിലവിളി കേള്‍‍ക്കണമെങ്കില്‍ ഇതില്‍ യാത്ര ചെയ്താല്‍ മതി, ആബാലവൃദ്ധം ജനങ്ങളും മരണത്തെ മുന്നില്‍ കണ്ടതുപോലെ ഒരു കാറലല്ലേ? ഞാന്‍ പക്ഷേ കാറിയില്ല അപ്പൂസിനേയും ബെനോയേയും മുറുക്കിപിടിച്ചിരുന്നത് കൊണ്ട് (എന്തുകൊണ്ടാണെന്ന് അറിയാന്‍ പാടില്ല താഴെപോവില്ല എന്നുറപ്പുണ്ടായിട്ടും അറിയാതെ എന്റെ കൈകള്‍ അവരെ മുറുകേ പിടിച്ചുപോയി)ഇതാണ് ആ ട്രാക്ക്, അതില്‍ കാണുന്നവരെ അങ്ങനെ അങ്ങ് മൈന്‍ഡ് ചെയ്യണ്ട ധൈര്യശാലികളല്ല അവര്‍ വിളിച്ചുകൂവാന്‍ ഒട്ടും ആഗ്രഹമില്ലാത്തവത് കൊണ്ട് മുകളിലേക്കാണ് അവര്‍ പോകുന്നത്.പക്ഷേ വ്യക്തിപരമായി ഇതിലൊക്കെ എനിക്കിഷ്ടപ്പെട്ടത് അവിടെയുള്ള റെയിന്‍ ഫോറസ്റ്റിനു നടുവിലൂടെയുള്ള ഒരു നടത്തയാണ്, ഇത്രയും ആളുകള്‍ ദിനേനേ അതിന്റെ മധ്യേകൂടെ കടന്നുപോയിട്ടും ഒരിലപോലും നുള്ളാന്‍ കഴിയാത്ത രീതിയില്‍ അവര്‍ ആ വനം പരിപാലിക്കുന്ന വിധം നമ്മുടെ രാജ്യത്തിനു മാതൃകയാവേണ്ടതാണ്. പ്രത്യേകമായി നിര്‍മ്മിച്ച പത്തടിയോളം പൊക്കമുള്ള തടിയുടെ പാലത്തില്‍ കൂടെയുള്ള യാത്ര , ചുറ്റം മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത വനം അവിടെ ഒരു കുടില്‍ കെട്ടി താമസിക്കാന്‍ തോന്നുന്ന അനുഭവം . അഞ്ചുമണിക്ക് അവസാനത്തെ കേബിള്‍ കാറും പോയാല്‍ തിരിച്ച് വരാന്‍ നിവൃത്തിയില്ലാത്തത് ഭാവനയേയും ചിന്തകളേയും അവിടെ ഉപേക്ഷിച്ചിട്ട് വേഗം വനത്തില്‍ നിന്നും മടങ്ങി കേബിള്‍ കാറിനുള്ള ക്യൂവില്‍ ഇടം പിടിച്ചു.


ആ തടിപ്പാലത്തില്‍ നിന്നും എടുത്ത ഒരു ഫോട്ടോയാണ് ഇത്. ആ വനത്തിന്റെ നിബിഡതയും ചിത്രങ്ങളില്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കാനാ‍വുന്നില്ല:(അവിടെ നിന്നും തിരിച്ച് കേബിള്‍ കാറില്‍ വരുമ്പോ വലതുവശത്ത് നിന്ന ഒരു ഒറ്റയാന്‍ പാറയുടെ പടം കൂടെ പകര്‍ത്താതിരിക്കാന്‍ തോന്നിയില്ല, ആ സഹോദരിമാര്‍ നില്‍ക്കുന്നതിന്റെ ഇങ്ങേക്കരയില്‍ നിന്നതാണ് ഇദ്ദേഹം, പാറകള്‍ക്കും കഥപറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാം കേട്ടേനേ കല്‍‌പ്പാന്തകാലത്തോളം അനുരാഗവിവശരായ് അപ്പുറവും ഇപ്പുറവും നിന്നുരുകുന്ന ഈ യുവ?മിഥുനങ്ങളുടെ കണ്ണീരിന്റെ കഥ:)
പിന്നെ ഫോട്ടോകള്‍ വലുതാക്കി തന്നെ കാണുന്നത് കൂടുതല്‍ മനോഹരമാണെന്ന് തോന്നുന്നു,

Sunday, October 28, 2007

സിംഗപൂര്‍ എയര്‍പോര്‍ട്ടിനുള്ളില്‍...കാമെറയിലൂടെ.

നാട്ടില്‍ പോയിട്ട് വന്നിട്ട് കുറേ നാളാവുന്നു, അന്നെടുത്ത കുറച്ച് ഫോട്ടോസ് പോസ്റ്റാന്‍ മടിയും ചില തിരക്കുകളും മൂലംകഴിഞ്ഞില്ലാ എന്നു പറയുന്നതാവും ശരി,
ഈ അടുത്ത കാലത്ത് പല ബ്ലോഗുകളില്‍‍ സിംഗപൂരിലെ ഓര്‍ക്കിഡ് പൂക്കളുടെ ഫോട്ടോസ് കണ്ടപ്പോള്‍,
ചാങ്ങി എയര്‍പോര്‍ട്ടിനുള്ളിലെ ഇന്‍ഡോര്‍ ഗാര്‍ഡനിലെ ഫോട്ടോസ് എന്റെ ബ്ലോഗിലും കുത്തിച്ചാരി വച്ചേക്കാം ,ബ്ലോഗിനിത്തിരി ഭംഗി കൂടുന്നെങ്കില്‍ കൂടട്ടെ എന്നു ഞാനും കരുതി.
പറയുമ്പോ മൊത്തം പറയണമല്ലൊ സിംഗപൂര്‍ എയര്‍പോര്‍ട്ട് എന്നാ ഒരു എയര്‍പോര്‍ട്ടാ “എന്തു ഭംഗി നിന്നെ കാണാന്‍’’ എന്നാരും പാടിപ്പോവുന്ന ഒരു ഒരു വലിയ സുന്ദരി!
ഇന്‍ഡോര്‍ ഫോട്ടോസ് ആയത് കൊണ്ട് ഇത്തിരി സൌന്ദര്യമില്ലായ്മ തോന്നും അത് കാര്യമാക്കണ്ട!
വലുതാക്കി കണ്ടോളൂ അതായിരിക്കും നന്ന്!!!കണ്ടു കഴിഞ്ഞോ, ഇനി ദേ ആ കമന്റോപ്ഷനും ഒന്നു ക്ലിക്കിയേ പോകാവേ:)


Saturday, October 27, 2007

കത്തി രാകാനുണ്ടോ കത്തി?...കാമെറയിലൂടെ.

ഇത് ഞാന്‍ കണ്ട വേറോരു കാഴ്ച! സ്ഥിരം പട്ടണദൃശ്യങ്ങളില്‍ നിന്നും വേറിട്ട കാഴ്ച!!

വിശപ്പിന്റെ വിളിയും, അതിനെ പ്രതിരോധിക്കാന്‍ മനുഷ്യന്റെ സഹജമായ വഴിയും ദിക്കുകള്‍ ഭേദമില്ലാതെ, കാലങ്ങള്‍ ഭേദമില്ലാതെ, രാജ്യാതിര്‍ത്തികള്‍ ഭേദമില്ലാതെ സമമായിരിക്കും എന്ന് എനിക്ക് വെളിപ്പാട് നല്‍കിയ തെരുവിലെ ഒരു പാവം മനുഷ്യന്റെ അധ്വാനത്തിന്റെ കാഴ്ചകള്‍ !!!
ഇത് ബാരാക്ക്, ഏതോ കാരണത്താല്‍ , നാട് വിട്ട് സിഡ്നിയില്‍ കുടിയേറിയ വേറോരു ഇസ്രയേലി-
ജോലി കത്തിരാകല്‍, സ്ഥിരം കസ്റ്റമേഴ്സ് ഉള്ളതിനാല്‍ ‘‘കത്തിരാകാനുണ്ടോ ആര്‍ക്കെങ്കിലും കത്തിരാകാനുണ്ടോ’’ എന്ന് നാം കേട്ടു മറന്ന ആ വിളിച്ചു ചൊല്ലലിന്റെ ഭാഷാ രൂപാന്തരമില്ല ,
പകരം സ്വന്തം മോട്ടോര്‍ ബൈക്കില്‍ വച്ചിരിക്കുന്ന ഡീസല്‍ കൊണ്ട് ഓടുന്ന ചെറിയ മോട്ടോറില്‍ പിടിപ്പിച്ച രണ്ടു വീലുകളുടെ മുരള്‍ച്ച മാത്രം, നിശബ്ദമായി ജോലി ചെയ്യുന്ന ബാരാക്കിന്റെ സഞ്ചരിക്കുന്ന പണിപ്പുരയുടെ ദൃശ്യങ്ങള്‍, മാസങ്ങള്‍ക്ക് ശേഷം വീണ്ടും എന്റെയൊരു പടം പോസ്റ്റ്!!!


കമന്റുകളായി അനുഗ്രഹിക്കൂ, ആശീര്‍ വദിക്കൂ

Tuesday, July 24, 2007

സീലും വേസ്റ്റ് ബിന്നും... കാമെറയിലൂടെ.

രിസരം എങ്ങനെയൊക്കെ വൃത്തികേടാക്കാം എന്ന് കൂലങ്കൂക്ഷമായി ആലോചിച്ച് കൊണ്ടിരിക്കുന്ന
നമ്മള്‍ മലയാളികള്‍ക്ക് ഒരു പക്ഷേ, അത്ഭുദമുളവാക്കുന്ന ഒരു കാഴ്ച്കയാവാം ഇത് ! അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു പ്ലാസ്റ്റിക് ബോട്ടില്‍, അവിടെ നിന്നും എടുത്ത്, ഒരു മൂലക്ക് വച്ചിരിക്കുന്ന വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്ന ഒരു ജല ജീവി ... സിഡ്നി റ്റൊറോങ്കോ സൂവില്‍ നിന്നും ചില ദൃശ്യങ്ങള്‍ ,
(ചിത്രങ്ങള്‍ യഥാര്‍ത്ഥ വലുപ്പത്തില്‍ കൂടുതല്‍ മനോഹരമെന്ന് തോന്നുന്നു)

ആഹാ , ആരാ ഈ കാലിബോട്ടില്‍ ഇവിടെ ഇട്ടിട്ട് പോയത്?


ഇവര്‍ക്കൊന്നും കണ്ണ് കണ്ടൂടെ, എന്റെ കണ്ണ് എല്ലാടവും എത്തിയില്ലെങ്കിലുള്ള പ്രശ്നമേ?

ഇവിടൊക്കെ വൃത്തികേടാക്കരുതെന്ന് ഇനി ഓരോരുത്തരോടും പറയണോ? കണ്ടില്ലേ ഈ വേസ്റ്റ് ബിന്‍ ഇവിടെ ഇരിക്കുന്നത്?


അങ്ങനെ ഇന്ന് ഒരു നല്ല കാര്യം ചെയ്യാന്‍ പറ്റി!ശേ, എന്തോ വൃത്തികെട്ടതായിരുന്നു ആ ബോട്ടിലിലെന്ന് തോന്നുന്നു , നാറിയിട്ട് വയ്യ, ഒന്നു മുങ്ങിക്കുളിക്കട്ടെ..

കണ്ടല്ലൊ ഇനിയെല്ലാവരും ഇങ്ങനെ വേണം പെരുമാറാന്‍ , നമ്മുടെ പരിസരം നാം സൂക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരു വരും അതൊക്കെ വൃത്തിയാക്കാന്‍!

Monday, June 4, 2007

ബോണ്‍സായി മരങ്ങള്‍ ... കാമെറയിലൂടെ.

താലത്തില്‍ ഒരുക്കിയ പ്രകൃതിദൃശ്യം ആണ് ബോണ്‍സായികള്‍!
ഏ ഡി 200നോട് അടുപ്പിച്ച് ചൈനയിലെ പെഞ്ഞിങ്ങില്‍ ആയിരുന്നു ഇതിന്റെ ഉത്ഭവം . അവിടെ നിന്നും ജപ്പാനിലേക്ക് കുടിയേറിയ വന്‍ വൃക്ഷങ്ങളുടെ കുഞ്ഞന്മാരെ ഇപ്പോ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ‍ കാണാന്‍ സാധിക്കും..മിക്കവാറും എല്ലാ മരങ്ങളും അതീവ ശ്രദ്ധയോടുള്ള വര്‍ഷങ്ങള്‍ കൊണ്ടുള്ള പരിപാലനത്തില്‍ ബോണ്‍സായി ആക്കി മാറ്റാന്‍ സാധിക്കും .

ബോണ്‍സായി ആക്കി മാറ്റാന്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍ ഇവയാണ് കിളിര്‍ത്ത് വരുമ്പോള്‍ മുതലേ വേരുകള്‍ ശ്രദ്ധാപൂര്‍വം വെട്ടിയൊതുക്കുക, ചട്ടിയില്‍ വെക്കുമ്പോഴുള്ള വിവിധ ക്രമീകരണങ്ങള്‍, ശിഖരങ്ങളുടെ വളര്‍ച്ചനിയന്ത്രിക്കുക!

വളര്‍ത്തുന്ന രീതി കൊണ്ടും വലുപ്പ ക്രമീകരണങ്ങള്‍ കൊണ്ടും ബോണ്‍സായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു..


ഈ വന്മരങ്ങളെ കുഞ്ഞന്‍ മാരാക്കി വളര്‍ത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. ചെമ്പു കമ്പികൊണ്ടോ, അലൂമിനിയം കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവനെ/ഇവളെ ഉദ്ദേശിക്കുന്ന ആകൃതിയില്‍ വളര്‍ത്താം. വയറിങ്ങ് എന്നാണ് ഈ പക്രിയക്ക്

പറയുന്നത്! ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയില്‍ വളര്‍ത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്

1Formal Upright 2 Informal Upright 3 Slanting style 4 Cascade 5 Semi-Cascade

ബോണ്‍സായി മരം വളര്‍ത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍. മരം വെട്ടുന്നതിനും പരിപാലിക്കുന്നതിനും വേണ്ട ടൂളുകളുടെ സെറ്റ്, ചട്ടി, കാലാവസ്ഥ(ചില മരങ്ങള്‍ക്ക്), അനുയോജ്യമായ മണ്ണ്, വളം എന്നിവയാണ്.
ടൂളുകളില്‍ പ്രധാനം പല ആകൃതിയില്‍ ഉള്ള കോണ്‍കേവ് കട്ടറുകള്‍ , പ്ലെയേഴ്സ്, വയര്‍ റിമൂവര്‍ എന്നിവയാണ്.

ഇങ്ങനെ ശ്രദ്ധാപൂര്‍വം വളര്‍ത്തിക്കൊണ്ട് വരുന്ന നല്ല ബോണ്‍സായി മരങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് വില ..സിഡ്നിയിലെ ഒരു പാര്‍ക്കില്‍ പരിപാലിക്കുന്ന ബോണ്‍സാ‍യി മരങ്ങള്‍ ആണ് ഈ ഫോട്ടോകളില്‍ കാണുന്നത്,
ഇത്രയും അധികം മരങ്ങള്‍ ഒരുമിച്ച് കണ്ടപ്പോള്‍ ആ‍ക്രാന്തം കൊണ്ട് ചെറിയ ബാരീക്കേഡ് ചാടിയിറങ്ങി പടം പിടിച്ച് തുടങ്ങിയപ്പോഴേക്കും ചെവി തുളക്കുന്ന ഒച്ചയില്‍ അലാം മുഴങ്ങി, അതോടോപ്പം 2 സെക്യൂരിറ്റികളും ഓടിവന്നു ആ ബാരിക്കേഡുകളില്‍ സെന്‍സറുകള്‍ പിടിപ്പിച്ചുണ്ടായിരുന്നു എന്ന് ഈ പാവം ഫോട്ടോഗ്രാഫര്‍ എങ്ങനെ അറിയാന്‍, ബാരിക്കേഡുകളുടെ ഉള്ളില്‍ നിന്നും ഫോട്ടോ എടുക്കാന്‍ പാടില്ല എന്നായിരുന്നു അവരുടെ ആവശ്യം അവയോരോന്നിനും ആയിരക്കണക്കിനു ഡോളറുകള്‍ ആണന്നത്രേ വില പിന്നെ നമ്മളീ കുഞ്ഞന്‍ മരങ്ങളെ കാണാത്തത് പോലെ!!
ഏതായാലും കുറച്ചു പടങ്ങള്‍ എടുത്തു..അവ ബൂലോഗത്തില്‍ പോസ്റ്റായി ഇടാമെന്നു കരുതി


ആ പാര്‍ക്കിന്റെ വാതില്‍ക്കല്‍ കുറച്ച് മരങ്ങള്‍ വില്‍ക്കാന്‍ വേണ്ടി വച്ചിട്ടുണ്ട് 1000 രൂപ മുതല്‍ 5000 രൂ വരെ വിലയുള്ള ബോണ്‍സായി കുഞ്ഞുങ്ങള്‍

അവയില്‍ ഒന്നിന്റെ പടമാണ് ഇത്!

വിവരങ്ങള്‍ക്ക് കടപ്പാട്:- 1. വിക്കി പീഡിയ 2. ബോണ്‍സായി സൈറ്റ്.കോം

Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!