Monday, April 30, 2007

പേരറിയാപ്പൂക്കള്‍... കാമെറയിലൂടെ.

ഈ വീക്കെന്‍ഡില്‍.. അടുത്ത പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നതിനിടയിലാ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെടി കണ്ണില്‍ പെട്ടത്, ഒന്നും ഇല്ലെങ്കില്‍ ഇത്.. നല്ല പടങ്ങള്‍ കാണാന്‍ ആര്‍ക്കും യോഗമില്ലെങ്കില്‍ നമുക്കായിട്ട് ആ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്നു ഞാനും കരുതി..
അങ്ങനെ അതിന്റെ ചുവട്ടില്‍ ചെന്നപ്പൊ ആണ് രസം.. 15 അടി പൊക്കത്തിലാ പൂക്കളെല്ലാം , പണ്ടു പ്രൈമറി സ്കൂളിലെ പിള്ളേര്‍ കൂട്ടം കൂടീ ആകാശത്തിലൂടെ പറന്നു പോകുന്ന വിമാനത്തെ നോക്കി ദോണ്ടെ , ദോണ്ടെ എന്നു പറയുന്ന മാതിരി മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ഒരു കാരണവശാലും കാമെറയില്‍ നോക്കില്ല എന്നു വാശി പിടിച്ചാല്‍ ഞാന്‍പിന്നെ എന്തു ചെയ്യും?

കിട്ടാത്ത പൂക്കള്‍ പുളിക്കും എന്നു കരുതി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്നിലെ ഐന്‍സ്റ്റീന്‍ ഉണര്‍ന്നത്, അങ്ങനെ എന്റെ ഫോട്ടോഗ്രാഫി പരീക്ഷണങ്ങള്‍ ഇവിടെ ആരംഭിക്കുന്നു!!!!


വീണ് കിടന്ന പൂക്കളെല്ലാം ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത്, വീട്ടില്‍ കൊണ്ടു വന്നു. കറുത്ത സോഫയില്‍ വച്ചൊരു പരീക്ഷണം...


ഒരു ഗ്ലാസ്സ് പീസ് വെള്ളം നനച്ച് വെച്ചു അതിന്റെ മുകളില്‍ പൂക്കള്‍ വച്ചു ഞാനെടുത്ത പടങ്ങള്‍ ആണിവ...

ഈ പടങ്ങളൊക്കെ അല്പം കൂടെ ഡാര്‍ക്കാക്കി എടുത്തു...അപ്പൊ ബാക്ക് ഗ്രൌണ്ട് തീരെ കറുപ്പായി
അവസാനാത്തെ പടത്തിനു ഞാന്‍ സിമട്രി എന്ന് പേരും ഇട്ടു...

തത്ക്കാലം പരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു... കാമെറയും ഞാനും സുഖമായി ഇരിക്കുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച്ക പുതിയ പരീക്ഷണങ്ങളുമാ‍യി വീണ്ടും കാണാം!!!
പിന്നെ ഒന്നുപറഞ്ഞിട്ടു പോണെ ഇതൊക്കെ കൊള്ളാമോന്ന്
camera: Canon EOS 350 D

Monday, April 23, 2007

അബോര്‍ജിനല്‍‍സ്.... കാമെറയിലൂടെ.

ഇവര്‍ അബൊര്‍ജിനല്‍‌സ്...60,000വര്‍‌ഷങ്ങള്‍ മുമ്പേ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആദിമ നിവാസികള്‍...


1770 ല്‍ സിഡ്നിയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കാല്‍ കുത്തിയത് മുതല്‍ ഇവരുടെ ജീവിതത്തിന്റെ ഗതി മാറി.. തുടര്‍ന്നു വന്ന യൂറോപ്യന്‍ മാര്‍.. ഈ ‘അപരിഷ്കരിലെ’ പുരുഷന്മാരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ മാനഭംഗം ചെയ്തും മോഡേണ്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍.. അഭ്യസിപ്പിച്ചു.. ആ കൂട്ടക്കൊലകള്‍ക്കു ശേഷം ഒരു ചെറിയ സമൂഹം അതിന്റെ ബാക്കി പത്രമെന്നോണം ഈ മണ്ണില്‍ അവശേഷിച്ചു..ശേഷിച്ചവരെ അടിമകളാക്കി...യൂറോപ്യന്മാര്‍ ജീവിതം ആഘോഷിച്ചു...


ഇവരുടെ പിന്‍ തലമുറ.. തനതായ അവരുടെ.. സംസ്കാരവും കലയും ചോര്‍ന്നു പോകാതെ ജീവിക്കാന്‍ ശ്രമിക്കുന്നു..മാറി മാറി വരുന്ന ഗവണ്മെന്റുകള്‍.. ഇവരെ ഉദ്ധരിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.. ഇന്നും മുഖ്യധാരയില്‍ ഇവര്‍ അത്രത്തോളം സജീവമല്ലെങ്കിലും.. പ്രശസ്തരായ പല അബൊര്‍ജിന്‍സും ഇവരുടെ കൂട്ടത്തിലുണ്ട്..
ഇവരുടെ സംഗീതം ഏതൊരു ആദിവാസി സമൂഹത്തിനേയും പോലെ..വളരെ പ്രത്യേകത നിറഞ്ഞതാണ്..ഡിഡ്ജെറിഡൂ എന്നവര്‍ വിളിക്കുന്ന എയിറോഫോണ്‍ മാതൃകയിലുള്ള നീണ്ട ഒരു കുഴലാണ്.. പ്രധാന സംഗീത ഉപകരണം.. ഇതിനൊപ്പം.. ഡ്രമ്മും വളരെ വിചിത്രങ്ങളായ വേറെചില സംഗീത ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു...
ഈ പടങ്ങള്‍ ഞാന്‍ സിഡ്നിയില്‍ വച്ചെടുത്തത്.. ലൈവ് മ്യൂസിക്കും, അവരുടെ തന്നെ സംഗീതം സി ഡിയിലാക്കി അതിന്റെ വില്പനയും, പിന്നെ ടൂറിസ്റ്റുകളോടൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തും.. ജീവിക്കാന്‍ വഴി കണ്ടെത്തുന്ന ഒരു കൂട്ടം അബോര്‍ജിനല്‍‌സ്...
സി ഡിയുടെ പുറത്ത് ഓട്ടൊഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്ന അവരുടെ സംഘത്തലവന്‍...


ഇത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ...

ഇവരെ കണ്ടു മടങ്ങിയപ്പോള്‍.. എനിക്കോര്‍മ്മ വന്നത്.. കവി കടമ്മനിട്ട യുടെ ചില വരികളാണു..
....നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....
ഇവരുടെ കാര്യത്തില്‍ ഈ വരികള്‍ അക്ഷരം പ്രതി ശരിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1, Discovering Sydney and Surroundings, Author; Grgory, Published by Universal Publishers Pty Ltd in 2005,
കാമെറ: Canon EOS 350D
തീര്‍‌ച്ചയായും താങ്കളുടെ അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും!!!

Monday, April 16, 2007

സിഡ്നിയിലെ സൈക്കിള്‍ റിക്ഷകള്‍... കാമെറയിലൂടെ.

ഈ കഴിഞ്ഞ ദിവസം സിഡ്നി ഹാര്‍‌ബറിന്റെ അടുത്തുള്ള റോഡില്‍ വച്ച് കണ്ട ചില അപൂര്‍‌വ കാഴ്ചകളാണിവ... ആളുകള്‍ കയറി യാത്ര ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന 2 സൈക്കിള്‍ റിക്ഷകള്‍!!


ഏതായാലും ഇതിന്റെ ഒക്കെ ഫോട്ടോ എടുത്തേക്കാം എന്നു കരുതി..അവര്‍ ലേറ്റാകുന്നു എന്നു പറഞ്ഞ് തിരക്ക് കൂട്ടിയെങ്കിലും.. നല്ലതു പോലെ ചിരിച്ച് ഈ കുഞ്ഞു ഫോട്ടോ ഗ്രാഫറെ അവോളം പ്രോത്സാഹിപ്പിച്ചു..


ഞാനാദ്യം കരുതിയത് ഏതോ ഇന്റെര്‍നെറ്റ് കമ്പനിയുടെ പ്രമോഷന്‍ ആണെന്നാണു.. ഐ നെറ്റ് എന്ന കമ്പനിയുടെ പരസ്യങ്ങളും ഉണ്ടായിരുന്നല്ലോ.. ഈ ശകടങ്ങളുടെ പുറം മുഴുവന്‍..


2 റിക്ഷകളും പോയതിനു ശേഷമാണ് തൊട്ടടുത്തു നിന്ന ഒരു മദാമ്മയെ പരിചയപ്പെട്ടത്..അവരിതിന്റെ ഉടമയാണത്രെ!!


റിക്ഷകളുടെ വില ഒഴികെ എല്ലാ ഇന്‍ഫോമേഷനും ആ അമ്മച്ചി എന്നോട് വിളമ്പി..പെടാപോട് എന്നാണത്രെ അവരിതിനെ വിളിക്കുന്നതു.. (pedalling people) ഞാന്‍ മന‍സ്സിലോര്‍ത്തത് പെടാപ്പാട് എന്ന പേരാണ് ഇതിന് ചേരുന്നത് അതെന്തായാലും അതാ അമ്മച്ചിയോട് പറഞ്ഞില്ല എന്നിട്ടു വേണം അവരതിന്റെ ഇംഗ്ലിഷ് ചോദിക്കാന്‍.. 12 എണ്ണം ഉണ്ട് ഓസ്ട്രേലിയ യില്‍ ആകെ..സിറ്റിക്കുള്ളില്‍ മാത്രമേ ഉള്ളൂ സര്‍വീസ്.. ഒരു തവണ കയറുന്നതിനു 350ഓളം രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.. പക്ഷേ എത്ര ചോദിച്ചിട്ടും.. റിക്ഷകളുടെ വില മാത്രം പറഞ്ഞില്ല!! എന്നെ കണ്ടപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അതൂടെ പറഞ്ഞാല്‍ അവരുടെ പോറിഡ്ജ്ജില്‍ ഞാന്‍ മണ്ണ് വാരി ഇടുമെന്ന്.. അങ്ങനെ ഞാന്‍ വളരെ അപൂര്‍വമായ ഒരു ദൃശ്യത്തിനു സാക്ഷിയായി..


Sunday, April 8, 2007

വെറുതേ രണ്ടു പൂക്കള്‍..കാമെറയിലൂടെ

സര്‍വ ലോക ബാച്ചികള്‍ക്കായി ..പിന്നെ .. പ്രണയിക്കുന്നവര്‍ക്കായി, പ്രണയിച്ചവര്‍ക്കായി, പ്രണയിക്കാന്‍ പോണവര്‍ക്കായി, ഒരിക്കലും പ്രണയിച്ചില്ലാത്തവര്‍ക്കായി,പ്രണയം നടിക്കുന്നവര്‍ക്കായി..പ്രണയിക്കാത്തവര്‍ക്കായി, ചുരുക്കി പറഞ്ഞാല്‍ (ബാച്ചികള്‍ മാത്രം അങ്ങനെ പൂ കണ്ട് സന്തോഷിക്കണ്ടാ)..നമ്മുടെ ബൂലോഗത്തിലെ എല്ലാര്‍ക്കുമായി .. ഞാനിതാ സമര്‍പ്പിക്കുന്നു.. ഒരു റെഡ് റോസ്
താഴത്തെ പൂവ് ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ആണ്.. രണ്ടു ദിവസായി ഇവിടെ ആരൊ അന്വേഷിക്കുന്നുണ്ടായിരുന്നു..ഒരു ചെമ്പരത്തി പൂ കിട്ടിയിരുന്നെങ്കില്‍.. ആര്‍ക്കോ സമ്മാനം കൊടുക്കായിരുന്നെന്ന്‍.. അവരെ നിരാശപ്പെടുത്തണ്ടെന്നു കരുതിയാണു ഈ പോസ്റ്റ്.. പക്ഷെ വേറെ ആവശ്യക്കാരുണ്ടെങ്കില്‍.. ചോദിക്കാന്‍ മടിക്കണ്ട...പൂക്കള്‍ നന്നായോ.. എങ്കില്‍ തുറന്നു പറയണേ.

(പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയില്‍‌സ് :- CAMERA- CANON EOS 350 D

Picture 1 Focul Length : 54mm, Exposure Time :1/200 Sec, ISO:400

Picture 2 FOcal Length: 55mm, Exposure Time: 1/250Sec, ISO:400)