Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!

Monday, May 7, 2007

ഒന്നാം പിറന്നാളില്‍, അപ്പൂസ്... കാമെറയിലൂടെ.

ഇത് അപ്പൂസ്, ഞങ്ങളുടെ മകന്‍... ബെനൊയുടെ കുഞ്ഞനുജന്‍
മേയ് 7 തിങ്കള്‍ ഇവനൊരു വയസ്സ് തികയുന്നു...ഇത്രത്തോളം അവന് ആയുസ്സും ആരോഗ്യവും നല്‍കിയ ദൈവത്തിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നതോടോപ്പം അവന്റെ ചില പടങ്ങള്‍ ബൂലോഗത്തിലെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്ക്.. സമര്‍പ്പിക്കുന്നു,
ഒരു പിതാവയതു കൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍.. ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയില്‍ സംഭവിച്ച ദുര്യോഗത്തിന്റെ വേദന എന്നെ ഏറെ സങ്കടപ്പെടുത്തുന്നു..നമ്മുടെ ഭാവി തലമുറയില്‍ നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ട എത്രയോ കുരുന്നു ജീവനാണ് ആരുടെ ഒക്കെയോ അനാസ്ഥ മൂലം ഈ ലോകത്തില്‍ നിന്നും മറയപ്പെട്ടത്...

ഒരു കുരുന്ന് ജീവന്‍ ഉദരത്തിനുള്ളില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ഒരായിരം സ്വപ്നങ്ങള്‍ക്ക് ജീവനേകി.. അതിലൊക്കെയും അവനെയോ, അവളെയൊ.. മാത്രം കാണുന്ന മാതാവ് !
ഒട്ടും കുറവല്ലാതെ പിതാവും!
10 മാസം വയറില്‍ ചുമക്കുന്ന ഓരൊ നിമിഷങ്ങളിലും.. അവന്റെ/അവളുടെ സ്പന്ദനം.. അനുഭവിച്ചറിയുമ്പോള്‍, ലഭിക്കുന്ന നിര്‍വൃതിയാണ് ഗര്‍ഭകാലത്തിന്റെ ബദ്ധപ്പാടില്‍ നിന്നും.. ആ അമ്മക്ക് മോചനം നല്‍കുന്നത്... ആ സംതൃപ്തി.. മുഖത്ത് തെളിയുമ്പോള്‍, രണ്ടാളും സുഖമായി ഇരിക്കുന്നുവെന്ന ആശ്വാസവും സന്തോഷവും പിതാവിന്റെ മുഖത്തും..

അത്തരം 38 മാതാ പിതാക്കളുടെ പത്ത് മാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണല്ലൊ.. ഒരു കരുണയും ഇല്ലാതെ അവിടെ തല്ലികൊഴിച്ചതെന്ന് വായിച്ചപ്പോള്‍..ഒരിക്കല്‍ കൂടെ എന്റെ നാടിനെ ഓര്‍ത്തെനിക്ക് സങ്കടം!

ഒരു പ്രവാസി കുടുംബമായ ഞങ്ങളുടെ ഭാഗ്യമോ, നിര്‍ഭാഗ്യമോ..വിവാഹ ശേഷം അധിക നാളുകള്‍.. നാട്ടില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല..

അപ്പൂസും , ബെനോയും ജനിച്ചത് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ആയിരുന്നു...

അതു കൊണ്ട് തന്നേ മുത്തശ്ശി മാരുടേയും മുത്തശ്ശന്‍ മാരുടെയും.. ബന്ധുക്കളുടേയും, അയല്‍ വാസികളുടേയും സ്നേഹം ഏറെ പങ്കുവെയ്ക്കപ്പെടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സാധിച്ചിട്ടില്ല!

പകരം അവര്‍ക്ക് മറ്റു ചില ഭാഗ്യങ്ങള്‍ ഉണ്ടായി!

അതൊലൊന്നാണ്.. അവിടുത്തെ ആശുപത്രികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം!

അപ്പൂസ് ജനിച്ച ദിവസം രാത്രി 2 മണിക്കാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്, ഉറക്കത്തിലായിരുന്ന ബെനോയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഒരുക്കി സ്വെറ്ററും ഇട്ടു കൊടുത്ത് ഏറ്റവും അടുത്ത് താമസിക്കുന്ന മലയാളി സുഹൃത്തിന്റെ വീട്ടിലേക്ക് 3 മൈല്‍ വണ്ടിയോടിച്ച്.. അവളെ ഏല്‍പ്പിച്ച് തിരിച്ച് ഹോസ്പിറ്റലില്‍ വന്നു...പെട്ടെന്ന് തന്നേ അവര്‍ ഞങ്ങളെ, ഡെലിവറി സ്യൂട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉള്ള ഒരു വലിയ മുറി..അഡ്‌മിറ്റ് ചെയ്ത നിമിഷം മുതല്‍ മാനേജിങ്ങ് പൊസിഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു മിഡ് വൈഫും(സിസ്റ്റെര്‍), ഒരു സ്റ്റുഡന്റ് നേഴ്സും ഫുള്‍ ടൈം പരിചരണത്തിന്, കൂടാതെ ഏതാവശ്യത്തിനും ഒന്നു പേജ് ചെയ്താല്‍ മുന്നില്‍ ഡോക്ടറും.. രണ്ട് കാര്യങ്ങള്‍ അന്ന് രാത്രിയില്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസ്സിലാക്കി.. ലോകത്തില്‍ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നും, ചില മനുഷ്യരുടെ സ്നേഹസമൃണമായ പെരുമാറ്റം ആണ് ഈ ലോകത്തില്‍ ഏറ്റവും മനോഹരമായ വസ്തു എന്നും!

വേദനയില്‍ പുളയുന്ന ഓരോ നിമിഷത്തിലും ഒരു മാതാവിനെ പോലെ, ബെറ്റിയെ ആശ്വസിപ്പിക്കുന്ന ആ സിസ്റ്റെറിന്റെ പേരും മുഖവും ഞാന്‍ ഒരിക്കലും മറക്കില്ല.. അതിനുശേഷം അവളോടുള്ള എന്റെയും സ്നേഹവും ബഹുമാനവും വളരെ വര്‍ദ്ധിച്ചുവെന്നത് മറ്റൊരു കാര്യം!

(നമ്മുടെ നാട്ടിലും ഡെലിവറി റൂമില്‍ പുരുഷന്മാരെ കൂടെ പ്രവേശിപ്പിച്ചാ‍ല്‍ ചിലരുടെ എങ്കിലും ചിലരുടെ എങ്കിലും മനോഭാവം ഏറേ മാറും എന്നെനിക്ക് അപ്പോള്‍ തോന്നി!)

ചിലപ്പോഴൊക്കെ കാല്‍ വേദനിച്ച് ഞാന്‍ ആ റൂമിലുള്ള ഒരു ലക്ഷുറീ ചെയറില്‍ ഇരിക്കുമ്പോള്‍, എനിക്കും കൂടെ കോഫിയും ചായയും എടുത്ത് തരാന്‍ ആ നഴ്സുകള്‍ മത്സരിച്ചു...

കൂടാതെ 7 മണി ആയപ്പോള്‍ എനിക്ക് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതില്‍ ജാമും ബട്ടറും പുരട്ടി അവര്‍ തന്നു.. ബെറ്റിയുടേ അവസ്ഥ കണ്ട് വിഷമിച്ചിരുന്ന എന്നെ... താങ്കളുടെ ആരോഗ്യം ഇവിടെ ഞങ്ങള്‍ക്കാവശ്യമാണെന്ന് തമാശ പറഞ്ഞ് കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു...

രാവിലെ 8 മണിക്കാണ് അപ്പൂസ് ജനിച്ചത്..അല്പ നേരത്തിനു ശേഷം ഡോക്ടര്‍ വന്ന് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കണ്‍ഫേം ചെയ്യുന്നത് വരേയും ഞങ്ങളുടെ 2 പേരുടെയും സന്തോഷത്തില്‍ ആ മാന്യ വനിതകള്‍ പങ്കു ചേര്‍ന്നു...അതിനു ശേഷം കേവലം ഒരു താങ്ക് യൂവിലും ബൈയിലും ഒതുങ്ങിയ നന്ദി പ്രകാശനം കഴിഞ്ഞു ന്യൂ ബോണ്‍ സെന്ററിലേക്ക് ഞങ്ങളും ആ പബ്ലിക് ആശുപത്രിയിലെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ച് അവരും‍ സ്ഥലം വിട്ടു....

പിന്നിട് പലപ്പോഴും ഈ സംഭവം എന്റെ മനസ്സില്‍ വരാറുണ്ട്.. കഴിഞ്ഞ ദിവസത്തെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഒന്നു കുറിക്കണമെന്ന് ഞാന്‍ കരുതി!

എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനൊക്കെ ഉണ്ടാവുമോ.. സൌകര്യങ്ങള്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ.. ജോലി ചെയ്യുന്ന ജീവനക്കാരുടെയും മനോഭാവം ഒരു വലിയ ഘടകമല്ലേ...

ഓ പഴയ വിശേഷങ്ങള്‍ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാവും.. വീടൊക്കെ അലങ്കരിക്കണം, കേക്ക് ഹോം ഡെലിവറി ചെയ്യാമെന്ന് ഏറ്റ ഷോപ്പില്‍ ഒന്നൂടെ വിളിച്ച് റിമൈന്‍‌ഡ് ചെയ്യണം, ഗിഫ്റ്റും കാര്‍ഡും ഒക്കെ അറേഞ്ച് ചെയ്യണം... ഒരു കുഞ്ഞു പാര്‍ട്ടിയുണ്ട് അതിന് ഫുഡൊക്കെ റെഡിയാക്കാന്‍ കൂടണം.. അങ്ങനെ കുറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്!!


അപ്പൂസിന്റെ ഫോട്ടോ മാത്രം ഇട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ ഇരുന്നപ്പോഴാണ് ബെനോയ്ക്കറിയേണ്ടത് ഞാനെന്താ ചെയ്യുന്നതെന്ന്.. കാര്യങ്ങള്‍ പറഞ്ഞപ്പോ അവള്‍ക്കും കാണണം അവളുടെ ഫോട്ടോ.. അതും രണ്ടെണ്ണം ഇതിന്റെ കൂടെ ഇട്ടു.. ഇത്രയും ബോര്‍ സഹിക്കുന്ന സുഹ്രുത്തുക്കള്‍ ഇതും സഹിക്കുമെന്ന ആത്മവിശ്വാസം!

ഇന്നത്തെ പോസ്റ്റ് ബര്‍ത്ത്ഡേ സ്പെഷ്യല്‍ ആയി പോയല്ലോ..

പതിവു പോസ്റ്റ് ഇനി അടുത്ത തിങ്കളാഴ്ച...

വീണ്ട്രും സന്ധിക്കും വരൈ വണക്കം!!!

(ലിങ്കിനു കടപ്പാട്:- ദീപിക മലയാളം ഓണ്‍ലൈന്‍ എഡീഷന്‍)