Showing posts with label ഫോട്ടോ. Show all posts
Showing posts with label ഫോട്ടോ. Show all posts

Tuesday, May 22, 2007

സിഡ്നിയിലെ മോണോ റെയില്‍... കാമെറയിലൂടെ.

മോണോറെയില്‍.. ലോകത്തില്‍ ഇന്ന് ഏറെയില്ലാത്ത ഒരു ഗതാഗത മാര്‍ഗം.. ഒറ്റട്രാക്കില്‍ ഓടുന്ന ഈ കുഞ്ഞു ട്രെയിന്‍.. ഇവിടുത്ത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വേറോരു സൌകര്യപ്രദമായ യാത്രാ മാര്‍ഗമാണ്! തറനിരപ്പില്‍ നിന്നും അല്പം ഉയരെ പണിതുണ്ടാക്കിയിരിക്കുന്ന ഒറ്റ ട്രാക്കിലൂടെ യാണീ ചെറീയ ട്രെയിന്‍ കടന്നു പോകുന്നത്.. സിഡ്നി സെന്‍‌ട്രല്‍ ബിസിനെസ്സ് ഡിസ്ട്രിക്റ്റില്‍ 8 കിലോമീറ്റര്‍ ദൂരത്തിലാണ് ഇതിന്റെ യാത്രാപഥം
ദിവസേന ഈ ഭാഗം സന്ദര്‍ശിക്കാന്‍ എത്തുന്ന ആയിരക്കണക്കിന് ടൂറീസ്റ്റുകള്‍ക്ക് അനുഗ്രഹമായി പ്രധാനപ്പെട്ട എല്ലാ C B D ടൂറീസ്റ്റ് സ്പോട്ടുകളും തൊട്ടുരുമ്മിയാണ് ഇതിന്റെ ട്രാക്ക്!


ഒരു തവണ ഇതില്‍ കയറുന്നതിനു 150 രൂപയും ഒരു ദിവസം മുഴുവനും യാത്രചെയ്യാന്‍ പാകത്തിലുള്ള ഡേ സേവര്‍ ടിക്കെറ്റിനു 300 രൂപയുമാണ് ചാര്‍ജ് ചെയ്യുന്നത്..

മറ്റുള്ള റോഡുകളയോ റെയില്‍ വേ ട്രാക്കുകളേയോ മുറിച്ച് കടക്കാത്തതിനാല്‍ സിഗ്നല്‍ കിട്ടാന്‍ താമസിച്ചു ഒരിക്കലും വഴിയില്‍ കിടന്നു പോവും എന്ന ഭയം ഇതില്‍ യാത്ര ചെയ്യുന്നവര്‍ക്കു വേണ്ട എന്നതും ഈ ഗതാഗതസൌകര്യത്തിനു മാറ്റ് കൂട്ടുന്നു.
ആകൃതിയിലും പ്രവര്‍ത്തന രീതിയിലും ട്രെയിന്‍ എന്നു തോന്നുമെങ്കിലും വളരെ ചെറിയ അഞ്ചോ ആറോ ചെറിയ കമ്പാര്‍ട്ട് മെന്റുകളെ ഇതിനുള്ളൂ.. ഒരു കമ്പാര്‍ട്ട്മെന്റില്‍ കഷ്ടിച്ച് 8 പേര്‍ക്ക് മാത്രം ഇരിക്കാനുള്ള സൌകര്യം !

ഏതെങ്കിലും മള്‍ട്ടി സ്റ്റോറി ബില്‍ഡിങ്ങിനോട് ചേര്‍ത്ത് വച്ചിരിക്കുന്നകുഞ്ഞു സ്റ്റേഷനുകള്‍ ഇതിന്റെ മറ്റൊരു പ്രതേകതയാണ്!


ഓസ്ട്രേലിയയില്‍ ബ്രിസ്ബേന്‍, ഗോള്‍ഡ് കോസ്റ്റ് , ക്യൂന്‍സ് ലാന്‍ഡ് ഇവിടങ്ങളില്‍ മോണോറെയില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തില്‍ മോണോറെയില്‍ ഗതാഗത്തിനുപയോഗിക്കുന്ന മറ്റുരാജ്യങ്ങള്‍ അമേരിക്ക, ജപ്പാന്‍, ചൈന, മലേഷ്യ, സിംഗപൂര്‍, സൌത്ത് കൊറിയ ,ഇംഗ്ലണ്ട്, നെതര്‍ലണ്ട്സ്, ഇറ്റലി, റഷ്യ, പോളണ്ട്, ഐര്‍ലണ്ട് ബെല്‍ജിയം, ബ്രസീല്‍ എന്നിവയാണ്.. നിലവിലുള്ളഗതാഗതസൌകര്യത്തിനു ഒരു കാരണവശാലും തടസം സൃഷ്ടിക്കാത്തതിനാലും അപകടസാധ്യത കുറവായതിനാലും പൊതുജനങ്ങള്‍ക്ക് വളരെ സൌകര്യം ആയ ഈ ഗതാഗത മാര്‍ഗം ഇതര രാജ്യങ്ങളും സമീപ ഭാവിയില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ട്..
ഇറാനില്‍ ഈ വര്‍ഷം മുതല്‍ മോണോ റെയില്‍ പ്രവര്‍ത്തനം ആരംഭിച്ചു, ഏറ്റവും പുതിയ ഈ മോണോറെയില്‍ സിസ്റ്റം ആണ് ലോകത്തില്‍ ഏറ്റവും വേഗതയുള്ള മോണോറെയില്‍.


ദുബൈയിലും ഇന്‍ഡ്യയില്‍ ഡെല്‍ഹി, ബാംഗ്ലൂരിലും ഗോവയിലും മോണോറെയിലിന്റെ ജോലികള്‍ നടന്നു വരുന്നു ഡെല്‍ഹിയില്‍ 2010 ഓടെ പണിപൂര്‍ത്തിയാവുമെന്ന് കരുതുന്നു .

ലീനിയാര്‍ മോട്ടോര്‍ ഇന്‍ഡക്ഷന്‍ ടെക്നോളജിയിലെ, ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ മൂലം മോണോ റെയിലില്‍ മണിക്കൂറിനു ‍ 400 കിലോമീറ്റര്‍ വരെ സ്പീഡ് ലഭിക്കുമെന്ന് പറയപ്പെടുന്നു.
എന്നീ വെബ് സൈറ്റുകളോട്.

Monday, May 14, 2007

അവളുടെ മിഴികളുടെ തിളക്കം... കാമെറയിലൂടെ.

പെണ്ണിന്റെ മിഴിയില്‍ വിരിയുന്ന കവിതകള്‍..അത് കാണാതെ പോയ കവികളും കലാകാരന്‍മാരും ആരുമില്ല.. ഒരു സായാഹ്നം കുടുംബമൊത്ത് ചെലവഴിക്കാന്‍
ഹാര്‍ബര്‍ ബ്രിഡ്ജില്‍ പോയപ്പോള്‍ കണ്ട കാഴ്ച്കയാണിവ..
ആ ആഴ്ച വിവാഹം കഴിക്കാന്‍ പോകുന്ന പ്രണയജോഡികള്‍. ഒരു ഫോട്ടോ സെഷനു വേണ്ടി ഓപ്പറ ഹൌസിന്റെ മുമ്പില്‍ നില്‍ക്കുന്നു..

കുറേനേരം അവരുടെ നില്‍പ്പും ഫോട്ടോഗ്രാഫര്‍ മാരവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നതെല്ലാ കണ്ടപ്പോള്‍ എനിക്ക് തോന്നി.. ലോകത്തിലെവിടെയും ഇവന്മാര്‍ക്ക് സമാന സ്വഭാവമാണല്ലോ എന്ന്...

അങ്ങനെ നിന്നപ്പോള്‍ ഒരു പോസ്റ്റീനുള്ള വക ഈ പെങ്കൊച്ചിന്റെ കണ്ണിലുണ്ടല്ലോ എന്നെനിക്ക് തോന്നിയത്!
ഞാനും ഒന്നു രണ്ട് സ്നാപ് എടുത്തോട്ടെ എന്ന് അവരോട് ചോദിച്ചു..വേണോ വേണ്ടയോ എന്ന് നവ വരന്‍ ചിന്തിക്കുന്നതിനിടയില്‍ പറ്റില്ല എന്ന് ഇടക്ക് കയറി അവരുടെ ഫോട്ടോഗ്രാഫര്‍ മൊഴിഞ്ഞു!
എന്റെ വായനോട്ടം കണ്ട് അത്ര ഇഷ്ടപ്പെടാതിരുന്ന ബെറ്റി അതോടെ രൂക്ഷമായി എന്നെ ഒന്നു നോക്കി ആകെ ചമ്മി ഞാനും!
പക്ഷേ ആ പെങ്കൊച്ചിന്റെ നില്പും ഭാവവും കണ്ടിട്ടങ്ങനെ ചമ്മി തിരിച്ച് പോവാന്‍ എനിക്കൊരു മടി..
ഒരു മിനിട്ട് ഫോട്ടോഗ്രാഫര്‍ എന്തിനോ വേണ്ടി തിരിഞ്ഞപ്പോള്‍, ഞാനാ പയ്യന്റെ അടുത്ത് പോയി തട്ടിവിട്ടു..
എന്നാ നല്ല ചേര്‍ച്ചയാ നിങ്ങള്‍ തമ്മില്‍.. ഫന്റാസ്റ്റിക്, ഫാബുലസ്, ജോര്‍ജിയസ് കപ്പിള്‍..നിങ്ങളുടെ ഫോട്ടോ തന്നെ എന്തു ഭംഗിയായിരിക്കും.. എന്നൊക്കെ അതില്‍ മനമ്മയങ്ങി അവര്‍ നില്‍ക്കുമ്പോള്‍.. ക്ലിക്കിയ ക്ലിക്കുകളാണ് ഇതൊക്കെ..
4 ക്ലിക്ക് കഴിഞ്ഞപ്പോഴേക്ക് അവരുടെ ഔദ്യോഗിക പടം പിടിത്തക്കാരന്‍ വന്നു ..എന്നോട്
യൂ സീ ദേയ് ആര്‍ പേയിങ്ങ് ഫോര്‍ ദീസ് പിക്ചേഴ്സ് എന്നൊ മറ്റോ ഇംഗ്ലീഷില്‍ തട്ടിവിട്ടു..
വെല്‍ യൂ കാരി ഓണ്‍ എന്നു ഞാനും.
ഒരു താങ്ക്യൂ ആ ചെറുക്കന് പറഞ്ഞിട്ട് ഞാന്‍ സ്ഥലം വിട്ടു.. എന്തായാലും.. പിന്നെ കുറച്ചു നേരത്തേക്ക് ഞാന്‍ ബെറ്റിയുടെ മുഖത്ത് നോക്കിയില്ല! നമ്മളായിട്ട് എന്തിനാ അവളുടെ സമാധാനം കളയുന്നതെന്ന് തോന്നി!
പക്ഷേ ഈ ഫോട്ടോ കണ്ടിട്ട് എനിക്കും തോന്നി.. വിവാഹനാളുകളിലാണ് ഒരു പെണ്‍കുട്ടി ഏറ്റവും സന്തോഷിക്കുന്ന നാളുകള്‍.. ആ കണ്ണുകളുടെ പ്രതിഫലനങ്ങള്‍.. അപ്പാടെ ഒപ്പിയെടുക്കാന്‍ ഇനിയൊരു കാമെറ കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവെന്ന്..
അവളുടെ മിഴികളില്‍ വിരിയുന്നത് ഒരായിരം സ്വപ്നത്തിന്‍ തിരയിളക്കമെന്നോ..
മറ്റോ.. ഒരു വരിയും മനസ്സില്‍ ഓടിയെത്തി.. വേണ്ട വേണ്ട ഈ പോസ്റ്റ് ഇവിടെ അവസാനിപ്പിക്കാം അല്ലെങ്കില്‍ ഞാനും ഒരു കവിയായിപ്പോവും!

Monday, May 7, 2007

ഒന്നാം പിറന്നാളില്‍, അപ്പൂസ്... കാമെറയിലൂടെ.

ഇത് അപ്പൂസ്, ഞങ്ങളുടെ മകന്‍... ബെനൊയുടെ കുഞ്ഞനുജന്‍
മേയ് 7 തിങ്കള്‍ ഇവനൊരു വയസ്സ് തികയുന്നു...ഇത്രത്തോളം അവന് ആയുസ്സും ആരോഗ്യവും നല്‍കിയ ദൈവത്തിന് ഒരിക്കല്‍ കൂടെ നന്ദി പറയുന്നതോടോപ്പം അവന്റെ ചില പടങ്ങള്‍ ബൂലോഗത്തിലെ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്ക്.. സമര്‍പ്പിക്കുന്നു,
ഒരു പിതാവയതു കൊണ്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍.. ശ്രീ അവിട്ടം തിരുന്നാള്‍ ആശുപത്രിയില്‍ സംഭവിച്ച ദുര്യോഗത്തിന്റെ വേദന എന്നെ ഏറെ സങ്കടപ്പെടുത്തുന്നു..നമ്മുടെ ഭാവി തലമുറയില്‍ നക്ഷത്രങ്ങളെ പോലെ ശോഭിക്കേണ്ട എത്രയോ കുരുന്നു ജീവനാണ് ആരുടെ ഒക്കെയോ അനാസ്ഥ മൂലം ഈ ലോകത്തില്‍ നിന്നും മറയപ്പെട്ടത്...

ഒരു കുരുന്ന് ജീവന്‍ ഉദരത്തിനുള്ളില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ഒരായിരം സ്വപ്നങ്ങള്‍ക്ക് ജീവനേകി.. അതിലൊക്കെയും അവനെയോ, അവളെയൊ.. മാത്രം കാണുന്ന മാതാവ് !
ഒട്ടും കുറവല്ലാതെ പിതാവും!
10 മാസം വയറില്‍ ചുമക്കുന്ന ഓരൊ നിമിഷങ്ങളിലും.. അവന്റെ/അവളുടെ സ്പന്ദനം.. അനുഭവിച്ചറിയുമ്പോള്‍, ലഭിക്കുന്ന നിര്‍വൃതിയാണ് ഗര്‍ഭകാലത്തിന്റെ ബദ്ധപ്പാടില്‍ നിന്നും.. ആ അമ്മക്ക് മോചനം നല്‍കുന്നത്... ആ സംതൃപ്തി.. മുഖത്ത് തെളിയുമ്പോള്‍, രണ്ടാളും സുഖമായി ഇരിക്കുന്നുവെന്ന ആശ്വാസവും സന്തോഷവും പിതാവിന്റെ മുഖത്തും..

അത്തരം 38 മാതാ പിതാക്കളുടെ പത്ത് മാസത്തെ പ്രതീക്ഷകളും സ്വപ്നങ്ങളും ആണല്ലൊ.. ഒരു കരുണയും ഇല്ലാതെ അവിടെ തല്ലികൊഴിച്ചതെന്ന് വായിച്ചപ്പോള്‍..ഒരിക്കല്‍ കൂടെ എന്റെ നാടിനെ ഓര്‍ത്തെനിക്ക് സങ്കടം!

ഒരു പ്രവാസി കുടുംബമായ ഞങ്ങളുടെ ഭാഗ്യമോ, നിര്‍ഭാഗ്യമോ..വിവാഹ ശേഷം അധിക നാളുകള്‍.. നാട്ടില്‍ ചെലവഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടില്ല..

അപ്പൂസും , ബെനോയും ജനിച്ചത് ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ ആയിരുന്നു...

അതു കൊണ്ട് തന്നേ മുത്തശ്ശി മാരുടേയും മുത്തശ്ശന്‍ മാരുടെയും.. ബന്ധുക്കളുടേയും, അയല്‍ വാസികളുടേയും സ്നേഹം ഏറെ പങ്കുവെയ്ക്കപ്പെടാന്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സാധിച്ചിട്ടില്ല!

പകരം അവര്‍ക്ക് മറ്റു ചില ഭാഗ്യങ്ങള്‍ ഉണ്ടായി!

അതൊലൊന്നാണ്.. അവിടുത്തെ ആശുപത്രികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച പരിചരണം!

അപ്പൂസ് ജനിച്ച ദിവസം രാത്രി 2 മണിക്കാണ് ഞങ്ങള്‍ ആശുപത്രിയിലേക്ക് പോയത്, ഉറക്കത്തിലായിരുന്ന ബെനോയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഒരുക്കി സ്വെറ്ററും ഇട്ടു കൊടുത്ത് ഏറ്റവും അടുത്ത് താമസിക്കുന്ന മലയാളി സുഹൃത്തിന്റെ വീട്ടിലേക്ക് 3 മൈല്‍ വണ്ടിയോടിച്ച്.. അവളെ ഏല്‍പ്പിച്ച് തിരിച്ച് ഹോസ്പിറ്റലില്‍ വന്നു...പെട്ടെന്ന് തന്നേ അവര്‍ ഞങ്ങളെ, ഡെലിവറി സ്യൂട്ടിലേക്ക് കൂട്ടികൊണ്ട് പോയി.. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉള്ള ഒരു വലിയ മുറി..അഡ്‌മിറ്റ് ചെയ്ത നിമിഷം മുതല്‍ മാനേജിങ്ങ് പൊസിഷനില്‍ വര്‍ക്ക് ചെയ്യുന്ന ഒരു മിഡ് വൈഫും(സിസ്റ്റെര്‍), ഒരു സ്റ്റുഡന്റ് നേഴ്സും ഫുള്‍ ടൈം പരിചരണത്തിന്, കൂടാതെ ഏതാവശ്യത്തിനും ഒന്നു പേജ് ചെയ്താല്‍ മുന്നില്‍ ഡോക്ടറും.. രണ്ട് കാര്യങ്ങള്‍ അന്ന് രാത്രിയില്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസ്സിലാക്കി.. ലോകത്തില്‍ ഏറ്റവും വലിയ വേദന പ്രസവ വേദനയാണെന്നും, ചില മനുഷ്യരുടെ സ്നേഹസമൃണമായ പെരുമാറ്റം ആണ് ഈ ലോകത്തില്‍ ഏറ്റവും മനോഹരമായ വസ്തു എന്നും!

വേദനയില്‍ പുളയുന്ന ഓരോ നിമിഷത്തിലും ഒരു മാതാവിനെ പോലെ, ബെറ്റിയെ ആശ്വസിപ്പിക്കുന്ന ആ സിസ്റ്റെറിന്റെ പേരും മുഖവും ഞാന്‍ ഒരിക്കലും മറക്കില്ല.. അതിനുശേഷം അവളോടുള്ള എന്റെയും സ്നേഹവും ബഹുമാനവും വളരെ വര്‍ദ്ധിച്ചുവെന്നത് മറ്റൊരു കാര്യം!

(നമ്മുടെ നാട്ടിലും ഡെലിവറി റൂമില്‍ പുരുഷന്മാരെ കൂടെ പ്രവേശിപ്പിച്ചാ‍ല്‍ ചിലരുടെ എങ്കിലും ചിലരുടെ എങ്കിലും മനോഭാവം ഏറേ മാറും എന്നെനിക്ക് അപ്പോള്‍ തോന്നി!)

ചിലപ്പോഴൊക്കെ കാല്‍ വേദനിച്ച് ഞാന്‍ ആ റൂമിലുള്ള ഒരു ലക്ഷുറീ ചെയറില്‍ ഇരിക്കുമ്പോള്‍, എനിക്കും കൂടെ കോഫിയും ചായയും എടുത്ത് തരാന്‍ ആ നഴ്സുകള്‍ മത്സരിച്ചു...

കൂടാതെ 7 മണി ആയപ്പോള്‍ എനിക്ക് ബ്രെഡ് ടോസ്റ്റ് ചെയ്ത് അതില്‍ ജാമും ബട്ടറും പുരട്ടി അവര്‍ തന്നു.. ബെറ്റിയുടേ അവസ്ഥ കണ്ട് വിഷമിച്ചിരുന്ന എന്നെ... താങ്കളുടെ ആരോഗ്യം ഇവിടെ ഞങ്ങള്‍ക്കാവശ്യമാണെന്ന് തമാശ പറഞ്ഞ് കഴിക്കാന്‍ നിര്‍ബ്ബന്ധിച്ചു...

രാവിലെ 8 മണിക്കാണ് അപ്പൂസ് ജനിച്ചത്..അല്പ നേരത്തിനു ശേഷം ഡോക്ടര്‍ വന്ന് അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് കണ്‍ഫേം ചെയ്യുന്നത് വരേയും ഞങ്ങളുടെ 2 പേരുടെയും സന്തോഷത്തില്‍ ആ മാന്യ വനിതകള്‍ പങ്കു ചേര്‍ന്നു...അതിനു ശേഷം കേവലം ഒരു താങ്ക് യൂവിലും ബൈയിലും ഒതുങ്ങിയ നന്ദി പ്രകാശനം കഴിഞ്ഞു ന്യൂ ബോണ്‍ സെന്ററിലേക്ക് ഞങ്ങളും ആ പബ്ലിക് ആശുപത്രിയിലെ അന്നത്തെ ഡ്യൂട്ടി അവസാനിപ്പിച്ച് അവരും‍ സ്ഥലം വിട്ടു....

പിന്നിട് പലപ്പോഴും ഈ സംഭവം എന്റെ മനസ്സില്‍ വരാറുണ്ട്.. കഴിഞ്ഞ ദിവസത്തെ പത്രങ്ങള്‍ വായിച്ചപ്പോള്‍ ഇതൊക്കെ ഒന്നു കുറിക്കണമെന്ന് ഞാന്‍ കരുതി!

എന്നെങ്കിലും നമ്മുടെ നാട്ടില്‍ ഇങ്ങനൊക്കെ ഉണ്ടാവുമോ.. സൌകര്യങ്ങള്‍ മാത്രം ഉണ്ടായാല്‍ പോരല്ലോ.. ജോലി ചെയ്യുന്ന ജീവനക്കാരുടെയും മനോഭാവം ഒരു വലിയ ഘടകമല്ലേ...

ഓ പഴയ വിശേഷങ്ങള്‍ പറഞ്ഞിരുന്നാല്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാവും.. വീടൊക്കെ അലങ്കരിക്കണം, കേക്ക് ഹോം ഡെലിവറി ചെയ്യാമെന്ന് ഏറ്റ ഷോപ്പില്‍ ഒന്നൂടെ വിളിച്ച് റിമൈന്‍‌ഡ് ചെയ്യണം, ഗിഫ്റ്റും കാര്‍ഡും ഒക്കെ അറേഞ്ച് ചെയ്യണം... ഒരു കുഞ്ഞു പാര്‍ട്ടിയുണ്ട് അതിന് ഫുഡൊക്കെ റെഡിയാക്കാന്‍ കൂടണം.. അങ്ങനെ കുറെ കാര്യങ്ങള്‍ ഇനിയും ചെയ്യാനുണ്ട്!!


അപ്പൂസിന്റെ ഫോട്ടോ മാത്രം ഇട്ട് ഈ പോസ്റ്റ് അവസാനിപ്പിക്കാന്‍ ഇരുന്നപ്പോഴാണ് ബെനോയ്ക്കറിയേണ്ടത് ഞാനെന്താ ചെയ്യുന്നതെന്ന്.. കാര്യങ്ങള്‍ പറഞ്ഞപ്പോ അവള്‍ക്കും കാണണം അവളുടെ ഫോട്ടോ.. അതും രണ്ടെണ്ണം ഇതിന്റെ കൂടെ ഇട്ടു.. ഇത്രയും ബോര്‍ സഹിക്കുന്ന സുഹ്രുത്തുക്കള്‍ ഇതും സഹിക്കുമെന്ന ആത്മവിശ്വാസം!

ഇന്നത്തെ പോസ്റ്റ് ബര്‍ത്ത്ഡേ സ്പെഷ്യല്‍ ആയി പോയല്ലോ..

പതിവു പോസ്റ്റ് ഇനി അടുത്ത തിങ്കളാഴ്ച...

വീണ്ട്രും സന്ധിക്കും വരൈ വണക്കം!!!

(ലിങ്കിനു കടപ്പാട്:- ദീപിക മലയാളം ഓണ്‍ലൈന്‍ എഡീഷന്‍)

Monday, April 30, 2007

ചെമ്പകപ്പൂക്കൾ... കാമെറയിലൂടെ.

ഈ വീക്കെന്‍ഡില്‍.. അടുത്ത പോസ്റ്റിനുള്ള വിഷയം തപ്പി നടക്കുന്നതിനിടയിലാ പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെടി കണ്ണില്‍ പെട്ടത്, ഒന്നും ഇല്ലെങ്കില്‍ ഇത്.. നല്ല പടങ്ങള്‍ കാണാന്‍ ആര്‍ക്കും യോഗമില്ലെങ്കില്‍ നമുക്കായിട്ട് ആ വിധിയെ തടുക്കാന്‍ കഴിയില്ലല്ലോ എന്നു ഞാനും കരുതി..
അങ്ങനെ അതിന്റെ ചുവട്ടില്‍ ചെന്നപ്പൊ ആണ് രസം.. 15 അടി പൊക്കത്തിലാ പൂക്കളെല്ലാം മുകളിലേക്ക് നോക്കി നില്‍ക്കുന്നു, ഒരു കാരണവശാലും കാമെറയില്‍ നോക്കില്ല എന്നു വാശി പിടിച്ചാല്‍ ഞാന്‍പിന്നെ എന്തു ചെയ്യും?

കിട്ടാത്ത പൂക്കള്‍ പുളിക്കും എന്നു കരുതി തിരിഞ്ഞ് നടക്കുമ്പോഴാണ് എന്നിലെ ഫോട്ടോഗ്രാഫർ ഉണര്‍ന്നത്, അങ്ങനെ എന്റെ പരീക്ഷണങ്ങള്‍ ഇവിടെ ആരംഭിക്കുന്നു!!!!


വീണ് കിടന്ന പൂക്കളെല്ലാം ശ്രദ്ധാപൂര്‍വം പെറുക്കിയെടുത്ത്, വീട്ടില്‍ കൊണ്ടു വന്നു. കറുത്ത സോഫയില്‍ വച്ചൊരു പരീക്ഷണം...


ഒരു ഗ്ലാസ്സ് പീസ് വെള്ളം നനച്ച് വെച്ചു അതിന്റെ മുകളില്‍ പൂക്കള്‍ വച്ചു ഞാനെടുത്ത പടങ്ങള്‍ ആണിവ...

ഈ പടങ്ങളൊക്കെ അല്പം കൂടെ ഡാര്‍ക്കാക്കി എടുത്തു...അപ്പൊ ബാക്ക് ഗ്രൌണ്ട് തീരെ കറുപ്പായി
അവസാനാത്തെ പടത്തിനു ഞാന്‍ സിമട്രി എന്ന് പേരും ഇട്ടു...

തത്ക്കാലം പരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നു... കാമെറയും ഞാനും സുഖമായി ഇരിക്കുന്നെങ്കില്‍ അടുത്ത തിങ്കളാഴ്ച്ക പുതിയ പരീക്ഷണങ്ങളുമാ‍യി വീണ്ടും കാണാം!!!
പിന്നെ ഒന്നുപറഞ്ഞിട്ടു പോണെ ഇതൊക്കെ കൊള്ളാമോന്ന്
camera: Canon EOS 350 D

Monday, April 23, 2007

അബോര്‍ജിനല്‍‍സ്.... കാമെറയിലൂടെ.

ഇവര്‍ അബൊര്‍ജിനല്‍‌സ്...60,000വര്‍‌ഷങ്ങള്‍ മുമ്പേ ഓസ്ട്രേലിയയില്‍ ഉണ്ടായിരുന്ന ആദിമ നിവാസികള്‍...


1770 ല്‍ സിഡ്നിയിലെ ബോട്ടണി ബേയില്‍ ക്യാപ്റ്റന്‍ ജെയിംസ് കുക്ക് കാല്‍ കുത്തിയത് മുതല്‍ ഇവരുടെ ജീവിതത്തിന്റെ ഗതി മാറി.. തുടര്‍ന്നു വന്ന യൂറോപ്യന്‍ മാര്‍.. ഈ ‘അപരിഷ്കരിലെ’ പുരുഷന്മാരെ കൂട്ടക്കൊല ചെയ്തും സ്ത്രീകളെ മാനഭംഗം ചെയ്തും മോഡേണ്‍ സംസ്കാരത്തിന്റെ ബാലപാഠങ്ങള്‍.. അഭ്യസിപ്പിച്ചു.. ആ കൂട്ടക്കൊലകള്‍ക്കു ശേഷം ഒരു ചെറിയ സമൂഹം അതിന്റെ ബാക്കി പത്രമെന്നോണം ഈ മണ്ണില്‍ അവശേഷിച്ചു..ശേഷിച്ചവരെ അടിമകളാക്കി...യൂറോപ്യന്മാര്‍ ജീവിതം ആഘോഷിച്ചു...


ഇവരുടെ പിന്‍ തലമുറ.. തനതായ അവരുടെ.. സംസ്കാരവും കലയും ചോര്‍ന്നു പോകാതെ ജീവിക്കാന്‍ ശ്രമിക്കുന്നു..മാറി മാറി വരുന്ന ഗവണ്മെന്റുകള്‍.. ഇവരെ ഉദ്ധരിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു വരുന്നു.. ഇന്നും മുഖ്യധാരയില്‍ ഇവര്‍ അത്രത്തോളം സജീവമല്ലെങ്കിലും.. പ്രശസ്തരായ പല അബൊര്‍ജിന്‍സും ഇവരുടെ കൂട്ടത്തിലുണ്ട്..
ഇവരുടെ സംഗീതം ഏതൊരു ആദിവാസി സമൂഹത്തിനേയും പോലെ..വളരെ പ്രത്യേകത നിറഞ്ഞതാണ്..ഡിഡ്ജെറിഡൂ എന്നവര്‍ വിളിക്കുന്ന എയിറോഫോണ്‍ മാതൃകയിലുള്ള നീണ്ട ഒരു കുഴലാണ്.. പ്രധാന സംഗീത ഉപകരണം.. ഇതിനൊപ്പം.. ഡ്രമ്മും വളരെ വിചിത്രങ്ങളായ വേറെചില സംഗീത ഉപകരണങ്ങളും ഇവര്‍ ഉപയോഗിക്കുന്നു...
ഈ പടങ്ങള്‍ ഞാന്‍ സിഡ്നിയില്‍ വച്ചെടുത്തത്.. ലൈവ് മ്യൂസിക്കും, അവരുടെ തന്നെ സംഗീതം സി ഡിയിലാക്കി അതിന്റെ വില്പനയും, പിന്നെ ടൂറിസ്റ്റുകളോടൊപ്പം ഫോട്ടോയ്ക്ക് പോസു ചെയ്തും.. ജീവിക്കാന്‍ വഴി കണ്ടെത്തുന്ന ഒരു കൂട്ടം അബോര്‍ജിനല്‍‌സ്...




സി ഡിയുടെ പുറത്ത് ഓട്ടൊഗ്രാഫ് ഒപ്പിട്ട് കൊടുക്കുന്ന അവരുടെ സംഘത്തലവന്‍...


ഇത് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ...

ഇവരെ കണ്ടു മടങ്ങിയപ്പോള്‍.. എനിക്കോര്‍മ്മ വന്നത്.. കവി കടമ്മനിട്ട യുടെ ചില വരികളാണു..
....നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്....
ഇവരുടെ കാര്യത്തില്‍ ഈ വരികള്‍ അക്ഷരം പ്രതി ശരിയാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് :
1, Discovering Sydney and Surroundings, Author; Grgory, Published by Universal Publishers Pty Ltd in 2005,
കാമെറ: Canon EOS 350D
തീര്‍‌ച്ചയായും താങ്കളുടെ അഭിപ്രായം എനിക്ക് പ്രയോജനം ചെയ്യും!!!

Monday, April 16, 2007

സിഡ്നിയിലെ സൈക്കിള്‍ റിക്ഷകള്‍... കാമെറയിലൂടെ.

ഈ കഴിഞ്ഞ ദിവസം സിഡ്നി ഹാര്‍‌ബറിന്റെ അടുത്തുള്ള റോഡില്‍ വച്ച് കണ്ട ചില അപൂര്‍‌വ കാഴ്ചകളാണിവ... ആളുകള്‍ കയറി യാത്ര ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന 2 സൈക്കിള്‍ റിക്ഷകള്‍!!


ഏതായാലും ഇതിന്റെ ഒക്കെ ഫോട്ടോ എടുത്തേക്കാം എന്നു കരുതി..അവര്‍ ലേറ്റാകുന്നു എന്നു പറഞ്ഞ് തിരക്ക് കൂട്ടിയെങ്കിലും.. നല്ലതു പോലെ ചിരിച്ച് ഈ കുഞ്ഞു ഫോട്ടോ ഗ്രാഫറെ അവോളം പ്രോത്സാഹിപ്പിച്ചു..


ഞാനാദ്യം കരുതിയത് ഏതോ ഇന്റെര്‍നെറ്റ് കമ്പനിയുടെ പ്രമോഷന്‍ ആണെന്നാണു.. ഐ നെറ്റ് എന്ന കമ്പനിയുടെ പരസ്യങ്ങളും ഉണ്ടായിരുന്നല്ലോ.. ഈ ശകടങ്ങളുടെ പുറം മുഴുവന്‍..


2 റിക്ഷകളും പോയതിനു ശേഷമാണ് തൊട്ടടുത്തു നിന്ന ഒരു മദാമ്മയെ പരിചയപ്പെട്ടത്..അവരിതിന്റെ ഉടമയാണത്രെ!!


റിക്ഷകളുടെ വില ഒഴികെ എല്ലാ ഇന്‍ഫോമേഷനും ആ അമ്മച്ചി എന്നോട് വിളമ്പി..പെടാപോട് എന്നാണത്രെ അവരിതിനെ വിളിക്കുന്നതു.. (pedalling people) ഞാന്‍ മന‍സ്സിലോര്‍ത്തത് പെടാപ്പാട് എന്ന പേരാണ് ഇതിന് ചേരുന്നത് അതെന്തായാലും അതാ അമ്മച്ചിയോട് പറഞ്ഞില്ല എന്നിട്ടു വേണം അവരതിന്റെ ഇംഗ്ലിഷ് ചോദിക്കാന്‍.. 12 എണ്ണം ഉണ്ട് ഓസ്ട്രേലിയ യില്‍ ആകെ..സിറ്റിക്കുള്ളില്‍ മാത്രമേ ഉള്ളൂ സര്‍വീസ്.. ഒരു തവണ കയറുന്നതിനു 350ഓളം രൂപയാണ് ചാര്‍ജ് ചെയ്യുന്നത്.. പക്ഷേ എത്ര ചോദിച്ചിട്ടും.. റിക്ഷകളുടെ വില മാത്രം പറഞ്ഞില്ല!! എന്നെ കണ്ടപ്പോള്‍ അവര്‍ക്കു തോന്നിക്കാണും അതൂടെ പറഞ്ഞാല്‍ അവരുടെ പോറിഡ്ജ്ജില്‍ ഞാന്‍ മണ്ണ് വാരി ഇടുമെന്ന്.. അങ്ങനെ ഞാന്‍ വളരെ അപൂര്‍വമായ ഒരു ദൃശ്യത്തിനു സാക്ഷിയായി..


Sunday, April 8, 2007

വെറുതേ രണ്ടു പൂക്കള്‍..കാമെറയിലൂടെ

സര്‍വ ലോക ബാച്ചികള്‍ക്കായി ..പിന്നെ .. പ്രണയിക്കുന്നവര്‍ക്കായി, പ്രണയിച്ചവര്‍ക്കായി, പ്രണയിക്കാന്‍ പോണവര്‍ക്കായി, ഒരിക്കലും പ്രണയിച്ചില്ലാത്തവര്‍ക്കായി,പ്രണയം നടിക്കുന്നവര്‍ക്കായി..പ്രണയിക്കാത്തവര്‍ക്കായി, ചുരുക്കി പറഞ്ഞാല്‍ (ബാച്ചികള്‍ മാത്രം അങ്ങനെ പൂ കണ്ട് സന്തോഷിക്കണ്ടാ)..നമ്മുടെ ബൂലോഗത്തിലെ എല്ലാര്‍ക്കുമായി .. ഞാനിതാ സമര്‍പ്പിക്കുന്നു.. ഒരു റെഡ് റോസ്




താഴത്തെ പൂവ് ഒരു സ്പെഷ്യല്‍ ഓര്‍ഡര്‍ ആണ്.. രണ്ടു ദിവസായി ഇവിടെ ആരൊ അന്വേഷിക്കുന്നുണ്ടായിരുന്നു..ഒരു ചെമ്പരത്തി പൂ കിട്ടിയിരുന്നെങ്കില്‍.. ആര്‍ക്കോ സമ്മാനം കൊടുക്കായിരുന്നെന്ന്‍.. അവരെ നിരാശപ്പെടുത്തണ്ടെന്നു കരുതിയാണു ഈ പോസ്റ്റ്.. പക്ഷെ വേറെ ആവശ്യക്കാരുണ്ടെങ്കില്‍.. ചോദിക്കാന്‍ മടിക്കണ്ട...



പൂക്കള്‍ നന്നായോ.. എങ്കില്‍ തുറന്നു പറയണേ.

(പടങ്ങളുടെ ടെക്നിക്കല്‍ ഡീറ്റയില്‍‌സ് :- CAMERA- CANON EOS 350 D

Picture 1 Focul Length : 54mm, Exposure Time :1/200 Sec, ISO:400

Picture 2 FOcal Length: 55mm, Exposure Time: 1/250Sec, ISO:400)

Thursday, March 29, 2007

ലണ്ടന്‍ ഐ ...കാമെറയിലൂടെ

ഇത് ലണ്ടന്‍ ഐ - ലോകത്തിലെ ഏറ്റവും വലിയ ഒബ്സേര്‍വര്‍ വീല്‍...കഴിഞ്ഞ പോസ്റ്റ് കാ‍ണാത്തവര്‍ക്കായി ആദ്യ പടം വീണ്ടും ഇട്ടിട്ടുണ്ട്..


135 മീറ്റെര്‍ ആണു ഉയരം.. തെളിഞ്ഞ അന്തരീക്ഷം ആണെങ്കില്‍ 45 കിലോമീറ്റെര്‍ ‍ദൂരത്തൊളം ഇതില്‍ നിന്നും കാണാന്‍ കഴിയും...32 ക്യാപ്സൂള്‍ ഷേപിലെ റൂമുകള്‍ എല്ലാം സീല്‍ഡ് പാക്ക് എയിര്‍ കണ്ടീഷന്‍ഡ് ആണു .. ഓരോ റൂമിലും 25 പേര്‍ക്ക് സൌകര്യമായി നില്‍ക്കാനും ഇരിക്കാനും കഴിയുന്ന സൌകര്യം ഒരുക്കിയിട്ടുണ്ട്..


0.9 കിലൊമീറ്റെര്‍ / മണിക്കൂര്‍ വേഗത്തിലാണു ഇതു കറങ്ങുന്നത്... ആളുകള്‍ കയറാന്‍ ഇതു സാധാരണ നിര്‍ത്താറില്ല.. ഈ കുറഞ്ഞ വേഗത കാരണം നമുക്ക് നിഷ്പ്രയാസം കയറാവുന്നതേയുള്ളൂ.. ഒരു തവണ കറങ്ങുന്നതിനു 30 മിനിട്ട്സ് ആണു വേണ്ടി വരുന്നത്


സാധാരണ ഒബ്സേര്‍വറിനെ അപേക്ഷിച്ച്.. 360 ഡിഗ്രീയില്‍ ചുറ്റുപാടുകള്‍ വീക്ഷിക്കാനുള്ള സവിധാനം ലണ്ടന്‍ ഐയ്ക്ക് ഉണ്ട്..



ഇതിന്റെ ഉത്ഘാടനം 1999 ഡിസെംബര്‍ 31നു രാത്രി 8 മണിക്കായിരുന്നു അതുകൊണ്ട് ഇതിനെ മില്ലേനിയം വീല്‍ എന്നും വിളിക്കാറുണ്ട്.. ഒരു തവണ ഇതു സന്ദര്‍ശിക്കാന്‍ 1200രൂപയാണു ഫീസ് എന്നിട്ടും വര്‍ഷം തോറും 35 ലക്ഷം ആളുകള്‍ ഇതില്‍ കയറാറുണ്ട് (ഒരു ദിവസം ശരാശരി 10,000 ആളുകള്‍) ഇത്രയും തിരക്കുണ്ടെങ്കിലും അതു മാനേജ് ചെയ്യുന്ന രീതിയാണു അത്ഭുദം!




ഇനിയുള്ളതു അതില്‍ നിന്നും കാണുന്ന ലണ്ടന്റെ ദൃശ്യങ്ങള്‍ ആണു .. അദ്യത്തെ പടത്തില്‍ ഇടത് വശത്ത് കാണുന്നത് ഷെല്‍ ഇന്റെര്‍ നാഷണലിന്റെ ബില്‍ഡിങ്ങ് ആണ്.




തിരക്കിനിടയിലും ഈ ബ്ലൊഗ് വിസിറ്റ് ചെയ്യാന്‍ താങ്കള്‍ കാണിച്ച് സൌമനസ്യത്തിനു നന്ദി അപ്പൊ വീണ്ടും കാ‍ണാം!

Sunday, March 25, 2007

തൈംസ് നദിയുടെ തീരം.. കാമെറയിലൂടെ...

തൈംസ് എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുന്നത്... ലണ്ടന്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന ടവര്‍ ബ്രിഡ്ജ് ആണല്ലൊ 1894 ല്‍ പണി കഴിപ്പിച്ച ബാസ്കുല്‍ (ജലഗതാഗതത്തിനു വേണ്ടി ഉയര്‍ന്നു മാറുന്ന ബ്രിഡ്ജ്) രീതിയിലുള്ള ഒരു പാലമായ ഇതു ലണ്ടനിലെ ഏറ്റവുംവലിയ ലാന്റ്മാര്‍ക് ആണ്. (തൈംസിന്റെ നോര്‍ത്ത്ബാങ്കില്‍ നിന്നും ക്ലിക്കിയതു)

തൈംസിന്റെ സതേണ്‍ ബാങ്കിലുള്ള മോഡേണ്‍ രീതിയിലുള്ള കെട്ടിടങ്ങളാണു താഴെ ... മറ്റുള്ള സിറ്റികളെ അപേക്ഷിച്ച് ഇങ്ങനെയുള്ളവ ലണ്ടനില്‍ കുറവാണ്... പഴയമാതൃകയിലുള്ള(വിക്ടോറിയന്‍ ഗോതിക് )കെട്ടിടങ്ങളാണു... അങ്ങോളമിങ്ങോളം


ബോട്ടില്‍ നിന്നും ഒരു കാഴ്ച... ഈ ഉയര്‍ന്നു കാണുന്ന ടവറാണു ബിഗ് ബെന്‍ അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണു ലണ്ടന്‍ പാര്‍ലമെന്റ് മന്ദിരം...


ബിഗ് ബെന്‍ വീണ്ടും.. ഇതു വെസ്റ്റ് മിനിസ്റ്റെര്‍ അബ്ബിയുടെ മുമ്പില്‍ നിന്നൊരു കാഴ്ച...ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഈ ക്ലോക്ക് ടവറിന്റെ ഉയരം 316 അടിയാണു...ഈ ക്ലോക്കിന്റെ ചെറിയ സൂചിയുടെ നീളം9 അടിയും മിനിട്ട് സൂചിയുടെ നീളം 14 അടിയും ആണ്.

താഴെയുള്ളത് ബിഗ് ബെന്നിന്റെ ഒരു ക്ലോസ് അപ് പടമാണു..(500 അടിയോളം ദൂരെനിന്നും ക്ലിക്കിയതു)...സൂക്ഷിച്ച് നോക്കിയാല്‍ ക്ലോക്കിന്റെ അടിയില്‍ ലാറ്റിന്‍ ഭാഷയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നതു കാണാം
'DOMINE SALVAM FAC REGINAM NOSTRAM VICTORIAM PRIMAM'
ദൈവമേ വിക്റ്റോറിയയെ കാത്തുകൊള്ളണേയെന്ന് അര്‍ത്ഥം

ഈകാണുന്നതും ബോട്ടില്‍ നിന്നുള്ള ഒരു ദൃശ്യമാണു.. ഇടത് വശത്ത് കാണുന്നതു ഒരു മഹാസംഭവമാണു.. ലോകത്തിലെ ഏറ്റവും ഉയര മുള്ള ഒബ്സേര്‍വര്‍..

അതിന്റെ വലിപ്പം മനസിലാകുന്ന ഒരു പടമാണു താഴെ.. ഇതിനെ പറ്റിയുള്ളതും ഇതില്‍ നിന്നും ക്ലിക്കിയതും ആയ കൂടുതല്‍ ചിത്രങ്ങളും വിശദീകരണങ്ങളും അടുത്ത പോസ്റ്റില്‍...

താങ്കളുടെ പ്രോത്സാഹനമാണു എന്നെപോലെയുള്ള കുഞ്ഞു ബ്ലോഗര്‍മാരുടെ ശക്തി.. ഒരു ചെറിയ കമന്റിലൂടെ അനുഗ്രഹിക്കൂ ആശിര്‍വ്വദിക്കൂ....

Monday, March 19, 2007

ഷേക്സ്പിയറിന്റെ വീട് ...കാമെറയിലൂടെ.

ഇംഗ്ലണ്ടിലെ മിഡ് ലാന്റ്സിലുള്ള സ്ട്രാറ്റ് ഫൊര്‍ഡിലെ ഷേകസ്പിയറിന്റെ ജന്മഗൃഹം...
ഇതിനു 500 വര്‍ഷത്തിനു മേല്‍ പഴക്കമുണ്ടെന്നു പറയുന്നു... ഇവിടെയാണു 1564ല്‍ ചുള്ളന്‍ ജനിച്ചത്.






മുന്നില്‍ നിന്നും നോക്കുമ്പൊള്‍....





പിന്നാമ്പുറം....


ഷേക്സ്പിയറിന്റെ എഴുത്തു മുറി... മുന്നില്‍ ഗ്ലാസ്സ് ആയതിനാല്‍ ഗ്ലെയര്‍ ആയതു ക്ഷമിക്കുക...

കാണുന്നതു അങ്ങൊരുടെ പ്രതിമയാണു.. പ്രേതമല്ല കേട്ടൊ



അഡ്വാന്‍സ് ആയിട്ട് താങ്ക്യൂ പിടിച്ചോ.. വന്നതിനും പിന്നെ കമന്റുന്നതിനും