Sunday, January 13, 2008

മൂന്ന് സഹോദരിമാര്‍... കാമെറയിലൂടെ


വൈവിധ്യമായ ഭൂപ്രകൃതിയുടെ ആകര്‍‌ഷണം മൂലം ടൂറിസ്റ്റുകള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലമാണ് ഓസ്ട്രെലിയ. സ്ഥലങ്ങള്‍ കാണണം എന്ന് ആഗ്രഹിക്കുന്ന ബ്ലോഗിലെ സുഹൃത്തുക്കള്‍ ഒരിക്കലെങ്കിലും ഇവിടെയൊന്നു വരാതെ പോവരുതെന്ന ആഗ്രഹക്കാരനാണ് ഞാന്‍. യൂറോപ്പിനേക്കാളും തൊട്ടടുത്ത രാജ്യമായ ന്യൂസിലാന്‍ഡിനേക്കാളും ചെലവ് കുറവാണ് ഇവിടുത്തെ ഭക്ഷണത്തിനും താമസത്തിനും. പിന്നെ സിഡ്നിയില്‍ ഞങ്ങള്‍ ഉള്ളയിടത്തോളം കാലം ബൂലോഗവാസികള്‍ക്ക് വാം വെല്‍കം ഒരു കുടുംബമൊക്കെ വന്നാല്‍ നമുക്ക് ഉള്ള ഇടത്തൊക്കെ അഡ്ജസ്റ്റ് ചെയ്യാം.

ഓകെ അപ്പൊ പറഞ്ഞ് വന്നത് ഓസ്ട്രേലിയയിലെ ടൂറിസ്റ്റ് അട്രാക്ഷന്‍സ്. ഈ ക്രിസ്മസ്സ് വെക്കേഷനിലെ ഒരു ദിവസം രാവിലെയാണ് ബോധോദയം ഉണ്ടായത് ബ്ലൂ മൌണ്ടന്‍സിനു വിട്ടേക്കാം എന്ന്. അത്യാവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും ചെറിയ ഗ്യാസ് സ്റ്റൌവും, പെറുക്കി കാറിന്റെ ബൂട്ടിലിട്ട് രാത്രിയാവുമ്പോഴേക്ക് തിരിച്ച് വീട്ടില്‍ വരാന്‍ തക്കവണ്ണം പ്ലാന്‍ ചെയ്ത് കൂട്ടത്തില്‍ സമാന ചിന്താഗതിക്കാരായ ഒരു സുഹൃത്തിനേയും കുടുംബത്തേയും കൂട്ടി പെട്ടെന്ന് തിരിച്ചു. സിഡ്നിയില്‍ നിന്നും വെറും നൂറ് കിലോമീറ്ററോളം ദൂരം മാത്രമേ ഉള്ളൂ ഈ നീലമലകളിലേക്ക് . (അവിടെ നിന്നും വീണ്ടും ഒരു 70 കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ അതിമനോഹരമായ ജെനോലന്‍ ഗുഹകളില്‍ എത്താം.)


ദൂരെ നിന്നു കാണുമ്പോഴേ മനസ്സിലാവും ശരിക്കും നീലനിറമുള്ള മലകള്‍ തന്നെ, അതിന്റെ കാരണമായി പറയുന്നത് ഈ പര്‍വ്വതങ്ങളില്‍ നിരനിരയായി നില്‍ക്കുന്ന അസംഖ്യം വരുന്ന യൂക്കാലി മരങ്ങളില്‍ നിന്നുള്ള ഹേയ്ശ് മൂലം അന്തരീക്ഷത്തിനും ആ നീല നിറം പകര്‍ന്നുവെന്നാണ്.
ദൂരെ നിന്നും കാണുന്ന ബ്ലൂ മൌണ്ടന്‍സിന്റെ ഒരു ദൃശ്യമാണ് ഇവിടെ.
ഇതിന്റെ പ്രത്യേകത പേരില്‍ കാണുന്നത് പോലെയുള്ള പര്‍വത് നിരകള്‍ എന്നതിനേക്കാള്‍ സമനിരപ്പുകളും പ്രത്യേകതരം നിരയായി കാണപ്പെടുന്ന പാറകളും പിന്നെ അഗാധ ഗര്‍ത്തങ്ങളും ആണ്, ചില ഭാഗങ്ങളില്‍ നിന്നും താഴേക്ക് നോക്കിയാല്‍ നമ്മള്‍ അന്തം വിട്ടുപോവുന്ന താഴ്ചയാണ് ദൃശ്യമാവൂക. ഫോട്ടോഗ്രാഫിയില്‍ അത്തരം കാഴ്ച വേണ്ടരീതിയില്‍ ഫലിപ്പിക്കാന്‍ കഴിയില്ല എന്നതിനാല്‍ നേരിട്ടു തന്നെ കാണണം അതിന്റെ സത്യാവസ്ഥ ബോധ്യപ്പെടാന്‍!
അത്തരം ഒരു ടിപ്പില്‍ നിന്ന് താഴേക്ക് നോക്കി അന്തം വിട്ടുകൊണ്ടിരിക്കുന്ന ടൂറിസ്റ്റുകളാണീ ചിത്രത്തില്‍.


ഇവിടെ ഏറ്റവും പ്രത്യേകതയുള്ളതും എറ്റവും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതും
സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം ഒരു കിലോമീറ്ററോളം ഉയരം വരുന്ന മൂന്നു പാറക്കെട്ടുകളുടെ പ്രത്യേക ഭംഗിയാണ്. ടൈറ്റിലില്‍ കാണുമ്പോലെ ഇവയെ ത്രീ സിസ്റ്റേഴ്സ് എന്നാണ് വിളിക്കുക മൂന്നിന്റെയും പേര് മലയാളത്തില്‍ ഇത്തിരി പരിഷ്കരിച്ച് പറഞ്ഞാല്‍ മൂത്തവള്‍ മീനി -922 മീറ്റര്‍ ഉയരം, രണ്ടാമത്തെവള്‍ വിമല -918മീറ്റര്‍, ഇളയ അനുജത്തി ഗുനെഡൂ - 906 മീറ്റെര്‍(അവള്‍ തെലുങ്കത്തിയാണെന്ന് തോന്നുന്നു പേരുകേട്ടിട്ട്) ആണ് അവരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ ഇവിടെ.ഫോട്ടോയില്‍ കാണുന്നത് പോലെ അവര്‍ അത്ര യൌവനയുകതകളാണെന്ന് വിശ്വസിക്കണ്ട, അത് കമ്പ്ലീറ്റ് മേക്കപ്പാണ്. 250 മില്യന്‍ ഇയേഴ്സ് ആണ് ഈ അമ്മൂമ്മമാരുടെ പ്രായം.


ഇതുകൂടാതെ അവിടെയുള്ള മറ്റൊരു ആകര്‍ഷണമാണ്, ഒരു കുഞ്ഞു ട്രെയിന്‍, ട്രെയിന്‍ എന്നു പോലും പറയാന്‍ പറ്റില്ല പാളത്തില്‍ കൂടെ ഓടുന്ന ഒരു സാധനം, പക്ഷേ ഇതിനും ഉണ്ടൊരു പ്രത്യേകത ലോകത്തിലേ ഏറ്റവും സ്റ്റീപെസ്റ്റ് ഇന്‍ക്ലൈന്‍ റെയില്‍ ട്രാക്കിലൂടെയാണിദ്ദേഹം ഓടുന്നത്, ടണലിലൂടെആയതിനാല്‍ പരസ്പരം കാണാന്‍ കഴിയില്ലെങ്കിലും ഏതോ അഗാധഗര്‍ത്തത്തിലെക്ക് നാം യാത്ര ചെയ്യുന്ന ട്രെയിന്‍ മറിയുന്ന ഒരു അനുഭവമാണ് ഇതിലെ യാത്ര. ട്രെയിന്‍ യാത്രയില്‍ കൂട്ട നിലവിളി കേള്‍‍ക്കണമെങ്കില്‍ ഇതില്‍ യാത്ര ചെയ്താല്‍ മതി, ആബാലവൃദ്ധം ജനങ്ങളും മരണത്തെ മുന്നില്‍ കണ്ടതുപോലെ ഒരു കാറലല്ലേ? ഞാന്‍ പക്ഷേ കാറിയില്ല അപ്പൂസിനേയും ബെനോയേയും മുറുക്കിപിടിച്ചിരുന്നത് കൊണ്ട് (എന്തുകൊണ്ടാണെന്ന് അറിയാന്‍ പാടില്ല താഴെപോവില്ല എന്നുറപ്പുണ്ടായിട്ടും അറിയാതെ എന്റെ കൈകള്‍ അവരെ മുറുകേ പിടിച്ചുപോയി)ഇതാണ് ആ ട്രാക്ക്, അതില്‍ കാണുന്നവരെ അങ്ങനെ അങ്ങ് മൈന്‍ഡ് ചെയ്യണ്ട ധൈര്യശാലികളല്ല അവര്‍ വിളിച്ചുകൂവാന്‍ ഒട്ടും ആഗ്രഹമില്ലാത്തവത് കൊണ്ട് മുകളിലേക്കാണ് അവര്‍ പോകുന്നത്.പക്ഷേ വ്യക്തിപരമായി ഇതിലൊക്കെ എനിക്കിഷ്ടപ്പെട്ടത് അവിടെയുള്ള റെയിന്‍ ഫോറസ്റ്റിനു നടുവിലൂടെയുള്ള ഒരു നടത്തയാണ്, ഇത്രയും ആളുകള്‍ ദിനേനേ അതിന്റെ മധ്യേകൂടെ കടന്നുപോയിട്ടും ഒരിലപോലും നുള്ളാന്‍ കഴിയാത്ത രീതിയില്‍ അവര്‍ ആ വനം പരിപാലിക്കുന്ന വിധം നമ്മുടെ രാജ്യത്തിനു മാതൃകയാവേണ്ടതാണ്. പ്രത്യേകമായി നിര്‍മ്മിച്ച പത്തടിയോളം പൊക്കമുള്ള തടിയുടെ പാലത്തില്‍ കൂടെയുള്ള യാത്ര , ചുറ്റം മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത വനം അവിടെ ഒരു കുടില്‍ കെട്ടി താമസിക്കാന്‍ തോന്നുന്ന അനുഭവം . അഞ്ചുമണിക്ക് അവസാനത്തെ കേബിള്‍ കാറും പോയാല്‍ തിരിച്ച് വരാന്‍ നിവൃത്തിയില്ലാത്തത് ഭാവനയേയും ചിന്തകളേയും അവിടെ ഉപേക്ഷിച്ചിട്ട് വേഗം വനത്തില്‍ നിന്നും മടങ്ങി കേബിള്‍ കാറിനുള്ള ക്യൂവില്‍ ഇടം പിടിച്ചു.


ആ തടിപ്പാലത്തില്‍ നിന്നും എടുത്ത ഒരു ഫോട്ടോയാണ് ഇത്. ആ വനത്തിന്റെ നിബിഡതയും ചിത്രങ്ങളില്‍ വേണ്ടരീതിയില്‍ പ്രതിഫലിപ്പിക്കാനാ‍വുന്നില്ല:(അവിടെ നിന്നും തിരിച്ച് കേബിള്‍ കാറില്‍ വരുമ്പോ വലതുവശത്ത് നിന്ന ഒരു ഒറ്റയാന്‍ പാറയുടെ പടം കൂടെ പകര്‍ത്താതിരിക്കാന്‍ തോന്നിയില്ല, ആ സഹോദരിമാര്‍ നില്‍ക്കുന്നതിന്റെ ഇങ്ങേക്കരയില്‍ നിന്നതാണ് ഇദ്ദേഹം, പാറകള്‍ക്കും കഥപറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാം കേട്ടേനേ കല്‍‌പ്പാന്തകാലത്തോളം അനുരാഗവിവശരായ് അപ്പുറവും ഇപ്പുറവും നിന്നുരുകുന്ന ഈ യുവ?മിഥുനങ്ങളുടെ കണ്ണീരിന്റെ കഥ:)
പിന്നെ ഫോട്ടോകള്‍ വലുതാക്കി തന്നെ കാണുന്നത് കൂടുതല്‍ മനോഹരമാണെന്ന് തോന്നുന്നു,